അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നൂറു ശതമാനം ശേഷിയിലേക്ക് ഉയർത്തുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച് കുവൈറ്റ് സർക്കാർ ആലോചിച്ച് വരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ പ്രതിദിന COVID-19 രോഗബാധിതരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യം ആലോചിക്കുന്നത്.
എയർപോർട്ട് പൂർണ്ണമായും തുറന്ന് പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് രാജ്യത്തെ COVID-19 കമ്മിറ്റി ഉടൻ തന്നെ യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. വരുന്ന രണ്ടാഴ്ച്ചയ്ക്കകം ഈ തീരുമാനം നടപ്പിലാക്കുന്ന രീതിയിലുള്ള ഒരു നടപടി ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
രാജ്യത്ത് നിന്ന് ഇന്ത്യയിലേക്കും, തിരികെയുമുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 7, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കും, തിരികെയുമായി പ്രതിദിനം അഞ്ച് വിമാനസർവീസുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കും, തിരികെയും തങ്ങളുടെ യാത്രാ വിമാനസർവീസുകൾ പുനരാരംഭിച്ചതായി കുവൈറ്റ് എയർവേസ് സെപ്റ്റംബർ 8-ന് അറിയിച്ചിരുന്നു.