കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് രാജ്യത്ത് സെപ്റ്റംബർ 29 മുതൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി കുവൈറ്റ് ഉപ പ്രധാനമന്ത്രിയും, ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അനസ് അൽ സലേഹ് അറിയിച്ചു. ഇതിന്റെ ഭാഗമായി സർക്കാർ ഓഫീസുകൾ 3 ദിവസം അടച്ചിടാനും, സർക്കാർ കെട്ടിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ള പതാകകൾ പകുതി താഴ്ത്തി കെട്ടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ മുതലായവ സെപ്റ്റംബർ 29, ചൊവ്വാഴ്ച്ച മുതൽ 3 ദിവസം പ്രവർത്തിക്കില്ലെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ ഒക്ടോബർ 4, ഞായറാഴ്ച്ച മുതൽ പുനരാരംഭിക്കുന്നതാണ്.
2006 മുതൽ 14 വർഷം കുവൈറ്റ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സെപ്റ്റംബർ 29-നാണ് അന്തരിച്ചത്. 91 വയസ്സായിരുന്നു. ശാരീരികാസ്വസ്ഥതകളെ തുടർന്ന് 2020 ജൂലൈ മാസം മുതൽ അദ്ദേഹം ചികിത്സായിലായിരുന്നു.
കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബായുടെ നിര്യാണത്തെ തുടർന്ന്, കിരീടാവകാശിയായ H.H. ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പുതിയ അമീറായി സ്ഥാനമേൽക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് അറിയിച്ചിട്ടുണ്ട്.