കുവൈറ്റ്: റെസിഡൻസി നിയമങ്ങൾ ലംഘിച്ച എഴുനൂറിലധികം പേരെ അറസ്റ്റ് ചെയ്തു

GCC News

രാജ്യത്തെ റെസിഡൻസി നിയമങ്ങളുടെ ലംഘനം, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഒക്ടോബർ മാസത്തിൽ 711 പേരെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റ് മുനിസിപ്പാലിറ്റി, അതോറിറ്റി ഓഫ് മാൻപവർ, ആഭ്യന്തര മന്ത്രാലയം എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക കമ്മിറ്റി നടത്തിയ പരിശോധനകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ ഭൂരിഭാഗം പേരും റെസിഡൻസി നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ 12 വാണിജ്യസ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നതിനായി കമ്മിറ്റി ദിനംതോറും പ്രത്യേക പരിശോധനകൾ നടത്തിവരുന്നതായി അധികൃതർ കൂട്ടിച്ചേർത്തു.