രാജ്യത്തെ പ്രാദേശിക ബാങ്കുകൾ തമ്മിലുള്ള ഓൺലൈൻ പണകൈമാറ്റങ്ങൾക്ക് ഫീസ് ചുമത്താൻ കുവൈറ്റ് ആലോചിക്കുന്നതായി സൂചന. പ്രാദേശിക ബാങ്കുകൾ തമ്മിലുള്ള ഓൺലൈൻ പണകൈമാറ്റങ്ങളുടെ തോത് വർധിച്ച സാഹചര്യത്തിലാണിത്.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബാങ്കുകൾ തുടർച്ചയായി നടപ്പിലാക്കേണ്ടി വരുന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, വികസന പദ്ധതികളുടെ ചെലവിനായി ഒരു തുക സ്വരൂപിക്കുന്നതിന് സഹായകമാകുന്നതാണ് ഈ തീരുമാനം.
ഇതിനായി കുവൈറ്റിലെ വിവിധ ബാങ്കുകൾ തമ്മിലുള്ള ഓൺലൈൻ ഫണ്ട് ട്രാൻസ്ഫറുകൾക്ക് ഒരു നിശ്ചിത ഫീസ് ഈടാക്കുന്നതിനെക്കുറിച്ചാണ് അധികൃതർ ആലോചിക്കുന്നത്. നിലവിൽ ഇത്തരം സേവനങ്ങൾ സൗജന്യമായാണ് നടത്തുന്നത്.
വിവിധ ബാങ്കുകൾ തമ്മിലുള്ള ഓൺലൈൻ ട്രാൻസ്ഫറുകൾക്ക് ഒന്ന് മുതൽ രണ്ട് ദിനാർ വരെ ഫീസ് ഇനത്തിൽ ഈടാക്കുന്നതിനെക്കുറിച്ചാണ് അധികൃതർ ആലോചിക്കുന്നതെന്നാണ് സൂചന.