കുവൈറ്റ്: പ്രവാസികൾ പങ്കെടുക്കുന്ന എല്ലാ തരത്തിലുള്ള മാർച്ചുകളും വിലക്കിയതായി ആഭ്യന്തര മന്ത്രാലയം

featured GCC News

രാജ്യത്തെ പ്രവാസികൾ നടത്തുന്ന എല്ലാ തരത്തിലുള്ള ആഘോഷ മാർച്ചുകളും വിലക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ഡിസംബർ 8-ന് രാത്രിയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിൽ വീഴ്ച വരുത്തുന്ന പ്രവാസികൾക്ക് ശക്തമായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം പ്രവാസികളെ നാട് കടത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രവാസികൾ ആഘോഷ മാർച്ചുകൾ, ഘോഷയാത്രകൾ എന്നിവ സംഘടിപ്പിക്കരുതെന്നും, ഇത്തരം മാർച്ചുകളിൽ പ്രവാസികൾ പങ്കെടുക്കരുതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇത്തരം അനധികൃതമായുള്ള ഒത്ത് ചേരലുകൾ, മാർച്ചുകൾ, പ്രകടനങ്ങൾ (അവ മുന്നോട്ട് വെക്കുന്ന കാരണങ്ങൾ, ആശയങ്ങൾ എന്നിവ എന്ത് തന്നെ ആണെങ്കിലും) തുടങ്ങിയവ പൊതു മര്യാദകൾക്കെതിരാണെന്നും, ഇവ ട്രാഫിക് തടസങ്ങൾക്ക് കാരണമാണെന്നും, പൊതു സദാചാരബോധങ്ങൾ ഹനിക്കുന്നവയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

കുവൈറ്റിലെ നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.