നാഷണൽ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റിൽ ബലൂണുകൾ, വാട്ടർ പിസ്റ്റളുകൾ എന്നിവയുടെ വില്പന താത്‌കാലികമായി നിരോധിച്ചതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ദേശീയ ദിനാഘോഷങ്ങളുടെ വേളയിൽ ഇവ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായാണ് ഈ നടപടി. കുവൈറ്റ് വാണിജ്യ, വ്യവസായ മന്ത്രലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കുവൈറ്റിലെ എല്ലാ വ്യാപാരശാലകളിലും ബലൂൺ, വാട്ടർ പിസ്റ്റൾ, സ്പ്രിങ്ക്ലർ എന്നിവയുടെ വില്പന വിലക്കിയിട്ടുണ്ട്. ഇത് മറികടക്കുന്നവർക്ക് കടകൾ അടച്ച് പൂട്ടുന്നത് ഉൾപ്പടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കുവൈറ്റ് നാഷണൽ ഡേ, ലിബറേഷൻ ഡേ എന്നിവയുമായി ബന്ധപ്പെട്ട് ഫെബ്രുവരി മാസത്തിലെ ഏതാനം ദിനങ്ങളിലാണ് ഈ നിരോധനം ബാധകമാകുന്നതെന്നാണ് ലഭിക്കുന്ന സൂചന. ഇത്തരം വസ്തുക്കൾ വാഹനങ്ങളുടെ ചില്ലുകളിലേക്ക് വെള്ളം തെറിപ്പിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ, ഇവ വലിച്ചെറിയുന്നത് മൂലം വ്യക്തികളുടെ കണ്ണിനും മറ്റും ഉണ്ടാകുന്ന പരിക്കുകൾ, അപകടങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് ഈ തീരുമാനം.
Cover Image: Photo by Aaron Burden on Unsplash.