കുവൈറ്റിൽ പൊതുമേഖലയിലെ റസിഡൻസ് വിസയിൽ തൊഴിലെടുക്കുന്ന പ്രവാസികൾ സ്വകാര്യമേഖലയിലേക്ക് വിസകൾ മാറുന്നതിനു വിലക്കേർപ്പെടുത്തി. സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാർ, സ്വകാര്യ മേഖലയിലേക്ക് മാറുന്നത് തടയുന്നതിനായാണ് ഈ തീരുമാനമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ജനറൽ ഡയറക്ടർ, അഹമ്മദ് അൽ മൂസ വ്യക്തമാക്കി. തൊഴിൽ മേഖലകളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
ഒരു തൊഴിലിടത്തിൽ നിന്ന് മറ്റൊരു തൊഴിലിടത്തിലേക്ക് മാറുന്നതിനുള്ള ചട്ടങ്ങൾ നിശ്ചയിക്കുന്ന ‘842/2015’ നമ്പർ ഉത്തരവിൽ, സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് ജീവനക്കാർ മാറുന്നത് തടയുന്നതിനുള്ള മാറ്റങ്ങൾ വരുത്തുന്നതിനായി ‘367/2020’ എന്ന പുതിയ ഉത്തരവ് പ്രാബല്യത്തിൽ കൊണ്ടുവന്നതായി അൽ മൂസ അറിയിച്ചു. കുവൈറ്റി പൗരമാരുടെ ഭാര്യമാർ/ ഭർത്താക്കന്മാർ, അവരുടെ മക്കൾ, പലസ്തീൻ പൗരന്മാർ, ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസൻസുള്ള ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഈ ഉത്തരവ് ബന്ധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.