പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി രാജ്യത്തെ ജനങ്ങളോട് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാൻ കുവൈറ്റ് ക്യാബിനറ്റ് ആഹ്വാനം ചെയ്തു. കുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബായുടെ നേതൃത്വത്തിൽ ജൂൺ 28-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് പൊതുജനങ്ങളോട് അധികൃതർ ഇക്കാര്യം ഓർമ്മപ്പെടുത്തിയത്.
വാക്സിൻ സംബന്ധമായി സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വ്യാജ വാർത്തകളും, ഊഹാപോഹങ്ങളും വിശ്വസിക്കരുതെന്നും ക്യാബിനറ്റ് ജനങ്ങളോട് ആവശ്യപ്പെട്ടു. അടിസ്ഥാനമില്ലാത്ത ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും, അവ തള്ളിക്കളയാനും ക്യാബിനറ്റ് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവൻ ജനങ്ങളും വാക്സിൻ സ്വീകരിക്കുന്നത് സമൂഹത്തിൽ രോഗവ്യാപനം തടയുന്നതിന് വളരെയധികം ഫലപ്രദമായിരിക്കുമെന്ന് ക്യാബിനറ്റ് അറിയിച്ചു.
കുവൈറ്റിൽ നിന്ന് ജൂലൈ 1 മുതൽ 12 രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ പുനരാരംഭിക്കാനും ഇതേ യോഗത്തിൽ ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ബോസ്നിയ ആൻഡ് ഹെർസെഗോവിന, ബ്രിട്ടൺ, സ്പെയിൻ, യു എസ് എ, നെതർലൻഡ്‌സ്, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ്, കിർഗിസ്ഥാൻ, ജർമ്മനി, ഗ്രീസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് കുവൈറ്റിൽ നിന്ന് ജൂലൈ 1 മുതൽ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത്. വാക്സിനെടുത്തിട്ടുള്ള കുവൈറ്റ് പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, ഇവരുടെ ഗാർഹിക ജീവനക്കാർ എന്നീ വിഭാഗങ്ങൾക്ക് ജൂൺ 29 മുതൽ രാജ്യത്തിന്റെ കര, കടൽ അതിർത്തികളിലൂടെ യാത്ര ചെയ്യുന്നതിനുള്ള അനുമതി നൽകുന്നതിനും ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായിട്ടുണ്ട്.