രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് കുവൈറ്റ് വ്യക്തമാക്കി. ഒക്ടോബർ 28, ബുധനാഴ്ച്ച രാത്രിയാണ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് നൽകിയിട്ടുള്ള നിലവിലെ ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ തുടരുമെന്ന് അറിയിച്ച ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ, ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം പുതിയ ഉത്തരവുകളോ, നിർദ്ദേശങ്ങളോ പുറപ്പെടുവിച്ചിട്ടില്ലെന്നും വ്യക്തമാക്കി. മറിച്ച് പ്രചരിക്കുന്ന സന്ദേശങ്ങൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.