3 വർഷത്തിനിടയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ആറായിരത്തിൽ പരം പ്രവാസികളെ പിരിച്ച് വിട്ടതായി കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ

Kuwait

രാജ്യത്തെ സർക്കാർ വകുപ്പുകളിലും, മന്ത്രാലയങ്ങളിലും തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ആറായിരത്തിൽ പരം പ്രവാസികളെ പിരിച്ച്‌വിട്ടതായി കുവൈറ്റ് സിവിൽ സർവീസ് കമ്മീഷനിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിനുള്ള ഈ നയം 2017-ൽ ആരംഭിച്ചതിന് ശേഷമുള്ള മൂന്ന് വർഷത്തെ കണക്കുകൾ പ്രകാരമാണിത്.

2017 മുതൽ ഇതുവരെ 6127 പ്രവാസികളെയാണ് ഇത്തരത്തിൽ വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ഒഴിവാക്കിയത്. ഈ നയത്തിന്റെ ഭാഗമായി 2021 അവസാനിക്കുന്നതിന് മുൻപായി 1840 പ്രവാസികളെ കൂടി ഇത്തരത്തിൽ പിരിച്ച് വിടുമെന്നും സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. കുവൈറ്റ് സിവിൽ സർവീസ് കമ്മീഷന് കീഴിലുള്ള തൊഴിൽ വിഭാഗം ഡയറക്ടർ ഐഷ അൽ മുതാവയാണ് ഇക്കാര്യം അറിയിച്ചത്. 2021 അവസാനിക്കുന്നതോടെ ആകെ 7970 പ്രവാസികളെ പിരിച്ച് വിടുന്നതിനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

സിവിൽ സർവീസ്, മിലിറ്ററി, എണ്ണഖനി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ 71000 പ്രവാസി ജീവനക്കാരാണ് സർക്കാർ വകുപ്പുകളിൽ കുവൈറ്റിൽ തൊഴിലെടുക്കുന്നത്. ഇതിൽ തന്നെ 31000 പേർ ആരോഗ്യ വകുപ്പിന് കീഴിലും, 24000 പേർ വിദ്യാഭ്യാസ മന്ത്രലയത്തിനു കീഴിലും തൊഴിലെടുക്കുന്നുണ്ട്.