രാജ്യത്ത് നിലവിലുള്ള രാത്രികാല കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ കുവൈറ്റ് കാബിനറ്റ് ജൂൺ 18, വ്യാഴാഴ്ച്ച തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 21, ഞായറാഴ്ച്ച മുതൽ കുവൈറ്റിലെ കർഫ്യു നിയന്ത്രണങ്ങൾ വൈകീട്ട് 7-നു ആരംഭിച്ച് രാവിലെ 5-നു അവസാനിക്കുന്ന രീതിയിൽ പുനർക്രമീകരിക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു. നിലവിൽ വൈകീട്ട് 6 മുതൽ രാവിലെ 6 വരെയാണ് കുവൈറ്റിലെ COVID-19 കർഫ്യു നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.
രാജ്യത്തെ ജനജീവിതം സാധാരണ രീതിയിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള 5 ഘട്ടങ്ങളായുള്ള പ്രവർത്തനങ്ങളുടെ പ്രഥമ ഘട്ടത്തിന്റെ കാലാവധി ഒരാഴ്ച്ച കൂടി ദീർഘിപ്പിക്കാനും മന്ത്രിസഭാതലത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇളവുകൾ നൽകുന്നതിന്റെ ഭാഗമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും, പരീക്ഷകൾ ഉള്ള വിദ്യാർത്ഥികൾക്കും കർശനമായ സുരക്ഷാ നിബന്ധനകളോടെ യാത്രാനുമതി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഹവല്ലി, അൽ-നുഗ്ര, ഖൈത്താൻ മുതലായ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഞായറാഴ്ച്ച മുതൽ ഒഴിവാക്കാനും സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്.