കുവൈറ്റ്: വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതിന്റെ രണ്ടാം ഘട്ടം നീട്ടിവെക്കാൻ ക്യാബിനറ്റ് തീരുമാനിച്ചു

GCC News

രാജ്യത്തെ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതിന്റെ രണ്ടാം ഘട്ടം തത്കാലത്തേക്ക് നടപ്പിലാക്കേണ്ടെന്നും, ഇത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിവെക്കുന്നതിനും കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജനുവരി 25, തിങ്കളാഴ്ച്ചയാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം അറിയിച്ചത്.

വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതിന്റെ രണ്ടാം ഘട്ടം നീട്ടിവെക്കുന്നതോടൊപ്പം കുവൈറ്റ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പരമാവധി ശേഷിയുടെ 30 ശതമാനത്തിൽ തുടരാനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ക്യാബിനറ്റ് കുവൈറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (DGCA) നിർദ്ദേശം നൽകിയിട്ടുണ്ട്.

COVID-19-നെ തുടർന്നുണ്ടായ യാത്രാ വിലക്കിന് ശേഷം, കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതലാണ് കുവൈറ്റ് വ്യോമയാന സേവനങ്ങൾ നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചത്. ആറ് മാസത്തിന് ശേഷം, ഇതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വ്യോമയാന സേവനങ്ങൾ 60 ശതമാനം ശേഷിയിലേക്ക് ഉയർത്താനിരുന്ന സാഹചര്യത്തിലാണ്, ഇത് നീട്ടിവെക്കാൻ ക്യാബിനറ്റ് ഇപ്പോൾ തീരുമാനിച്ചത്.

വിദേശത്ത് നിന്ന് പ്രതിദിനം കുവൈറ്റിലേക്ക് പ്രവേശിക്കുന്ന വ്യോമയാത്രികരുടെ എണ്ണത്തിൽ 2021 ജനുവരി 24 മുതൽ DGCA കുറവ് വരുത്തിയിട്ടുണ്ട്. പ്രതിദിനം കുവൈറ്റിലേക്ക് പ്രവേശിക്കുന്ന വ്യോമയാത്രികരുടെ എണ്ണത്തിൽ 80 ശതമാനം കുറവാണ് നടപ്പിലാക്കുന്നത്. പ്രതിദിനം 1000 യാത്രികർക്ക് മാത്രമാണ് രാജ്യത്തേക്ക് ഈ കാലയളവിൽ പ്രവേശനാനുമതി നൽകുന്നതെന്ന് DGCA കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.മേഖലയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതുൾപ്പടെയുള്ള സാഹചര്യം കണക്കിലെടുത്താണ് ഈ നിയന്ത്രണങ്ങൾ.