കുവൈറ്റ്: കുടിയേറ്റ നിയമങ്ങൾ ലംഘിച്ച ആറായിരത്തിലധികം പ്രവാസികളെ കഴിഞ്ഞ 2 മാസത്തിനിടയിൽ നാട് കടത്തി

featured GCC News

രാജ്യത്തെ കുടിയേറ്റ നിയമങ്ങൾ ലംഘിച്ച ആറായിരത്തിലധികം പ്രവാസികളെ കഴിഞ്ഞ 2 മാസത്തിനിടയിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ഒക്ടോബർ 9-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

2022 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മാത്രം കുവൈറ്റിലെ റെസിഡഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 6112 പ്രവാസികളെ നാട് കടത്തിയതായാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ഇത്തരം ലംഘനങ്ങൾക്ക് 45 പേരെയാണ് കുവൈറ്റ് അധികൃതർ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ നടക്കുന്ന പ്രത്യേക പരിശോധനകളിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. നാട് കടത്തപ്പെട്ട പ്രവാസികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് മാസത്തിൽ 585 പേരെയും, സെപ്റ്റംബർ മാസത്തിൽ 204 പേരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Cover Image: Kuwait News Agency.