വിവിധ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആറ് മാസത്തിനിടയിൽ പതിനെണ്ണായിരത്തിലധികം പ്രവാസികളെ കുവൈറ്റിൽ നിന്ന് നാട് കടത്തിയതായി അധികൃതർ അറിയിച്ചു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് 2023 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പതിനെണ്ണായിരത്തിലധികം പ്രവാസികളെ കുവൈറ്റിൽ നിന്ന് നാട് കടത്തിയിട്ടുണ്ട്.
2023-ൽ ഏതാണ്ട് 2.6 ദശലക്ഷത്തോളം ട്രാഫിക് നിയമലംഘനങ്ങളാണ് കുവൈറ്റിൽ രേഖപ്പെടുത്തിയത്. അമിതവേഗത, സിഗ്നലുകളിലെ റെഡ് ലൈറ്റ് മറികടക്കൽ, റോഡിൽ വാഹനങ്ങളുടെ മത്സരയോട്ടം, അനധികൃതമായി യാത്രികരെ കയറ്റുക, വൺവേകളിൽ ട്രാഫിക്കിന് എതിരെയായി വാഹനം ഓടിക്കുക, ലൈസൻസ് കൂടാതെ വാഹനം ഉപയോഗിക്കുക തുടങ്ങിയ ഗുരുതര ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് ആറ് മാസത്തിനിടയിൽ 18486 പ്രവാസികളെ നാട് കടത്തിയതായി ട്രാഫിക് അവേർനസ് വകുപ്പ് തലവൻ ബ്രിഗേഡിയർ ജനറൽ നവാഫ് അൽ ഹയ്യാൻ വ്യക്തമാക്കിയിട്ടുണ്ട്.
നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 2023-ൽ ഇതുവരെ 34751പ്രവാസികളുടെ ലൈസൻസുകൾ റദ്ദ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.