കുവൈറ്റ്: വിദേശത്ത് നിന്നെത്തുന്ന വാക്സിൻ സ്വീകരിച്ചിട്ടുള്ള യാത്രികർക്ക് PCR ഫീ ഒഴിവാക്കുമെന്ന് DGCA

GCC News

വിദേശത്ത് നിന്നെത്തുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള, യാത്രികർക്ക് കുവൈറ്റ് മുസാഫർ ആപ്പിലൂടെ PCR പരിശോധനാ ഫീ നൽകുന്നത് ഒഴിവാക്കുമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നിലവിൽ ഇത്തരം യാത്രികർ കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി കുവൈറ്റ് മുസാഫർ ആപ്പിലൂടെ PCR പരിശോധനാ ഫീസായി 20 ദിനാർ നൽകേണ്ടതാണ്. എന്നാൽ 2021 ഓഗസ്റ്റ് 1 മുതൽ ഈ നടപടിയിൽ DGCA മാറ്റം വരുത്തുമെന്നാണ് കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 1 മുതൽ ഇത്തരം യാത്രികർ തങ്ങളുടെ ഒരാഴ്ച്ചത്തെ ഹോം ക്വാറന്റീൻ അവസാനിപ്പിക്കുന്ന അവസരത്തിൽ മാത്രമാണ് PCR പരിശോധന നടത്തേണ്ടതും, അതിന്റെ ഫീ നൽകേണ്ടതുമെന്നാണ് DGCA അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്നെത്തുന്ന, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള മുഴുവൻ കുവൈറ്റ് പൗരന്മാർക്കും, പ്രവാസികൾക്കും ഈ തീരുമാനം ബാധകമാണ്. ഒരാഴ്ച്ചയ്ക്ക് ശേഷം നടത്തുന്ന PCR പരിശോധനയിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.