കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പ്രതിദിനം പ്രവേശനം അനുവദിച്ചിട്ടുള്ള വിദേശത്ത് നിന്നുള്ള യാത്രികരുടെ എണ്ണം ഉയർത്തുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ശ്രമിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 10000 യാത്രികർക്കാണ് പ്രതിദിനം കുവൈറ്റ് പ്രവേശനം നൽകുന്നത്.
ഈ പരിധി ഉയർത്തുന്നതിന് അനുമതി നൽകണമെന്ന ആവശ്യം DGCA കുവൈറ്റ് മന്ത്രിസഭയുടെ മുന്നിൽ സമർപ്പിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് നിലവിൽ അനുഭവപ്പെടുന്ന തിരക്ക് കണക്കിലെടുത്തും, ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്കുള്ള ഉയർന്ന വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനുമായാണ് പ്രതിദിനം കൂടുതൽ വിമാനങ്ങൾ അനുവദിക്കാൻ DGCA ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.
നിലവിൽ കുവൈറ്റ് എയർപോർട്ടിൽ അനുവദിച്ചിട്ടുള്ള പരമാവധി ശേഷി പൂർണ്ണമായും ഉപയോഗിക്കുന്ന രീതിയിലാണ് വിമാനങ്ങൾ സർവീസ് നടത്തുന്നത്. കൂടുതൽ ഇടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നതിനും, യാത്രികരുടെ തിരക്ക് അനുഭവപ്പെടുന്ന ഇടങ്ങളിൽ നിന്ന് കൂടുതൽ സർവീസ് അനുവദിക്കുന്നതിനും ഇത് തടസ്സമാകുന്നതിനാലാണ് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വീണ്ടും ഉയർത്തുന്നതിന് DGCA അനുമതി തേടിയിരിക്കുന്നത്. പ്രതിദിനം കൂടുതൽ യാത്രികർക്ക് പ്രവേശനാനുമതി നൽകുന്നതിലൂടെ വിമാന ടിക്കറ്റ് നിരക്കുകൾ പിടിച്ച് നിർത്തുന്നതിനും DGCA ലക്ഷ്യമിടുന്നു.
അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം നൂറു ശതമാനം ശേഷിയിലേക്ക് ഉയർത്തുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച് കുവൈറ്റ് സർക്കാർ ആലോചിച്ച് വരുന്നതായി ഏതാനം ദിവസങ്ങൾക്ക് മുൻപ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.
രാജ്യത്ത് നിന്ന് ഇന്ത്യയിലേക്കും, തിരികെയുമുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ 2021 സെപ്റ്റംബർ 7, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിച്ചിട്ടുണ്ട്.