വേനലിലെ കൊടും ചൂടിൽ സുരക്ഷ മുൻനിർത്തി കുവൈറ്റിലെ ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ബൈക്കുകൾക്ക് 2024 ജൂൺ 23 മുതൽ മദ്ധ്യാഹ്ന ഇടവേള നിർബന്ധമാക്കുന്നതാണ്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മന്ത്രാലയത്തിന് കീഴിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ട്രാഫിക് അറിയിപ്പ് പ്രകാരം, ഉപഭോക്താക്കളുടെ ഓർഡറുകൾക്കനുസരിച്ച് ഡെലിവറി സേവനം നൽകുന്ന ഡെലിവറി മോട്ടോർസൈക്കിൾ ജീവനക്കാർ ചൂട് അധികമാകുന്ന സമയങ്ങളിൽ പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
2024 ജൂൺ 23, ഞായറാഴ്ച മുതൽ ഓഗസ്റ്റ് അവസാനം വരെയാണ് ഈ നിയന്ത്രണം. ഈ കാലയളവിൽ രാവിലെ 11 മണിമുതൽ വൈകീട്ട് 4 മണിവരെ ഇത്തരം ബൈക്കുകൾ റോഡിൽ ഉപയോഗിക്കാൻ അനുമതി ഉണ്ടായിരിക്കുന്നതല്ല.
ഈ വിലക്ക് കുവൈറ്റിലെ എല്ലാ മേഖലകളിലെയും റോഡുകളിൽ ബാധകമാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്.