കുവൈറ്റ്: പ്രവാസികൾക്ക് മൂന്ന് വാഹനങ്ങൾ വരെ സ്വന്തമാക്കാൻ അനുമതി

featured GCC News

രാജ്യത്തെ പ്രവാസികൾക്ക് പരമാവധി മൂന്ന് വാഹനങ്ങൾ വരെ സ്വന്തമാക്കാൻ അനുമതിയുള്ളതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് അവെയർനസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ലാഹ് ബൗഹസ്സനെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കുവൈറ്റിലെ പ്രവാസികൾക്ക് തങ്ങളുടെ സ്വകാര്യ ഉപയോഗത്തിനായി പരമാവധി മൂന്ന് വാഹനങ്ങൾ വരെ സ്വന്തമാക്കാൻ അനുമതിയുള്ളതായി അദ്ദേഹം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ മോട്ടോർസൈക്കിളുകൾ, പിക്കപ്പ് ട്രക്കുകൾ, കാറുകൾ എന്നിവ ഉൾപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പ്രവാസികൾക്ക് തങ്ങളുടെ നിലവിലുള്ള വാഹങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിന് അനുമതിയുണ്ടായിരിക്കുമെങ്കിലും, പരമാവധി മൂന്ന് വാഹനങ്ങൾ എന്ന പരിധിയ്ക്ക് പുറത്ത് അധികമായി പുതിയ ഒരു വാഹനം രജിസ്റ്റർ ചെയ്യുന്നതിന് അനുവാദം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.