രാജ്യത്തിനകത്തുള്ള, കാലാവധി അവസാനിച്ച റെസിഡൻസി പെർമിറ്റുകളുടെയും, സന്ദർശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. പുതിയ തീരുമാന പ്രകാരം സെപ്റ്റംബർ 1 മുതൽ 2020 നവംബർ 30 വരെയാണ് ഈ രേഖകളുടെ കാലാവധി നീട്ടി നൽകുന്നത്.
വിസ കാലാവധികൾ 3 മാസത്തേക്ക് കൂടി നീട്ടുന്നതിനുള്ള നടപടികൾ മന്ത്രാലയം ഓൺലൈനിലൂടെ സ്വയമേവ നടപ്പിലാക്കുന്നതാണ്. കൊറോണാ വൈറസ് പശ്ചാത്തലത്തിൽ കുവൈറ്റിൽ തുടരേണ്ടി വന്നവരുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വിസ കാലാവധികൾ നീട്ടി നൽകുന്നത്.
ഇത്തരം വിസകളുടെ കാലാവധി ഓഗസ്റ്റ് 31-നു ശേഷം നീട്ടി നൽകേണ്ട എന്ന് തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും, നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് മൂന്ന് മാസത്തേക്ക് കൂടി ഇവയുടെ കാലാവധി നീട്ടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. തുടർന്ന്, മന്ത്രിസഭാ തീരുമാനം 444/2020-ത്തിനു കീഴിൽ, ഓഗസ്റ്റ് 31-നു കാലാവധി അവസാനിക്കുന്ന എല്ലാ റെസിഡൻസി, സന്ദർശക വിസകളുടെയും സാധുത 3 മാസത്തേക്ക് കൂടി നീട്ടിയതായി കുവൈറ്റ് ഉപ പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സലെഹ് ഉത്തരവ് പുറപ്പെടുവിച്ചു.
ഈ തീരുമാനം നിലവിൽ കുവൈറ്റിനകത്തുള്ള കാലാവധി അവസാനിച്ച എല്ലാ തരം റെസിഡൻസി വിസകളിലുള്ളവർക്കും, സന്ദർശക വിസകളിലുള്ളവർക്കും മാത്രമാണ് ബാധകമാകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള റെസിഡൻസി വിസകളിലുള്ളവരുടെ തൊഴിലുടമകളോട്, വിസകൾ പുതുക്കുന്ന നടപടികൾ ഈ നീട്ടിനൽകിയ കാലാവധിയിൽ കൃത്യമായി കൈക്കൊള്ളാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള നടപടികൾ മന്ത്രാലയത്തിൻറെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ, ഓരോ ഗവർണറേറ്റിലുമുള്ള റെസിഡൻസി അഫയേഴ്‌സ് കാര്യാലയങ്ങളിലൂടെയോ തൊഴിലുടമകൾക്കോ, സ്പോണ്സർമാർക്കോ നിർവഹിക്കാവുന്നതാണ്. ഇത്തരത്തിൽ കാലാവധി നീട്ടികിട്ടിയിട്ടുള്ള എല്ലാ സന്ദർശക വിസകളിലുള്ളവരോടും 2020 നവംബർ 30-നു മുൻപായി കുവൈറ്റിൽ നിന്ന് മടങ്ങുന്നതിനുള്ള യാത്രാ നടപടികൾ കൈക്കൊള്ളാനും മന്ത്രാലയം ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
COVID-19 വ്യാപന സാഹചര്യത്തിൽ ഇത് മൂന്നാം തവണയാണ് റെസിഡൻസി പെർമിറ്റുകളുടെയും, സന്ദർശക വിസകളുടെയും കാലാവധി 3 മാസത്തേക്ക് നീട്ടി നൽകുന്നത്. നേരത്തെ മാർച്ച് മുതൽ മെയ് വരെയും, പിന്നീട് ജൂൺ മുതൽ ഓഗസ്റ്റ് 31 വരെയും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഈ രേഖകളുടെ കാലാവധി നീട്ടി നൽകിയിരുന്നു.