കുവൈറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ റമദാൻ മാസം അവസാനിക്കുന്നത് വരെ തുടരാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 2021 ഏപ്രിൽ 19, തിങ്കളാഴ്ച്ച ചേർന്ന കുവൈറ്റ് മന്ത്രിസഭാ യോഗത്തിലാണ് കർഫ്യു നിയന്ത്രണങ്ങൾ ഏപ്രിൽ 22-ന് ശേഷവും തുടരാൻ തീരുമാനിച്ചത്.
ഈ തീരുമാനത്തോടെ, റമദാൻ മാസത്തിലുടനീളം ദിനവും വൈകീട്ട് 7 മണി മുതൽ പിറ്റേന്ന് രാവിലെ 5 വരെ കർഫ്യു നിയന്ത്രണങ്ങൾ തുടരുന്നതാണ്. നേരത്തെ ഏപ്രിൽ 22 വരെ ഭാഗിക കർഫ്യു ഏർപ്പെടുത്തുന്നതിനാണ് കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചിരുന്നത്.
ഈ തീരുമാനത്തോടെ, റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ രാജ്യത്ത് പൂർണ്ണമായും ലോക്ക്ഡൌൺ ഏർപ്പെടുത്താനുള്ള സാധ്യത ഒഴിവായിട്ടുണ്ട്. റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ പൂർണ്ണമായുള്ള ലോക്ക്ഡൌൺ ഏർപ്പെടുത്താൻ സാധ്യതയുള്ളതായി ആരോഗ്യ മേഖലയിൽ നിന്ന് നേരത്തെ സൂചനകൾ ലഭിച്ചിരുന്നു. ഈ കാലയളവിൽ രാജ്യത്തെ സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിക്കുമെന്ന് ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്.