കുവൈറ്റ്: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പ്രവാസികൾക്ക് യാത്രാ വിലക്കേർപ്പെടുത്തുന്നതായി സൂചന

featured GCC News

രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികൾ നേരിടുന്ന പ്രവാസികൾക്ക് കുവൈറ്റിൽ നിന്ന് മടങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഒരു ഔദ്യോഗിക നിർദ്ദേശം നൽകിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികൾ കോടതി ചുമത്തിയിട്ടുള്ള പിഴ തുകകൾ കൃത്യമായി അടച്ച ശേഷമാണ് രാജ്യം വിടുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ഈ യാത്രാ വിലക്ക് ഏർപ്പെടുത്തുന്നത്.

ഇത്തരത്തിൽ പിഴ ചുമത്തപ്പെട്ട ശേഷം അവ അടച്ച് തീർക്കുന്നതിൽ വീഴ്ച വരുത്തുന്ന വിദേശികളുടെ എണ്ണം കുവൈറ്റിൽ ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. താഴെ പറയുന്ന സാഹചര്യങ്ങളിൽ പ്രവാസികൾക്ക് യാത്രാ വിലക്ക് നേരിടേണ്ടിവരാവുന്നതാണ്:

  • കേസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തി നേരിട്ട് സന്നിഹിതനാവാതെ തന്നെ പിഴ ചുമത്തപ്പെട്ടിട്ടുള്ള വിധികളിൽ.
  • കേസിൽ ഉൾപ്പെട്ടിട്ടുള്ള വിദേശ വ്യക്തികൾ നേരിട്ട് സന്നിഹിതനാവാതെ തന്നെ പിഴ ചുമത്തപ്പെട്ടിട്ടുള്ളതും, ഈ വ്യക്തികളെ അക്കാര്യം നേരിട്ട് അറിയിക്കാത്തതുമായ വിധികളിൽ.
  • കേസിൽ ഉൾപ്പെട്ടിട്ടുള്ള വിദേശ വ്യക്തി നേരിട്ട് സന്നിഹിതനാവാതെ തന്നെ (അറിയിച്ചിട്ടുള്ളതും, അല്ലാത്തതുമായ കേസുകളിൽ ബാധകം) പിഴ ചുമത്തപ്പെട്ടിട്ടുള്ള വിധികളിൽ, ഇത്തരം വ്യക്തികൾ സമയബന്ധിതമായി അപ്പീൽ സമർപ്പിച്ചിട്ടുള്ളതും, അവയിൽ പിന്നീടുള്ള വിധി വരാത്തതുമായ സാഹചര്യങ്ങളിൽ.
  • കേസിൽ ഉൾപ്പെട്ടിട്ടുള്ള വിദേശ വ്യക്തി നേരിട്ട് സന്നിഹിതനാവാതെ തന്നെ (അറിയിച്ചിട്ടുള്ളതും, അല്ലാത്തതുമായ കേസുകളിൽ ബാധകം) പിഴ ചുമത്തപ്പെട്ടിട്ടുള്ള വിധികളിൽ, ഇത്തരം വ്യക്തികൾ സമയബന്ധിതമായി അപ്പീൽ സമർപ്പിച്ചിട്ടില്ലാത്ത സാഹചര്യങ്ങളിൽ.

ഇത്തരം പിഴ തുകകൾ പൂർണ്ണമായും അടച്ച് തീർക്കുന്ന സാഹചര്യങ്ങളിൽ ഈ യാത്രാ വിലക്കുകൾ സ്വയമേവ ഇല്ലാതാകുന്നതാണ്.