കുവൈറ്റ്: യാത്രാ സംബന്ധമായ വിവരങ്ങൾ വ്യക്തമാകുന്നതുവരെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ഒഴിവാക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു

Kuwait

ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലൂടെ കുവൈറ്റിലേക്ക് യാത്രാ ചെയ്യാൻ ഉദ്ദേശിക്കുന്നവർ, യാത്രാ നിബന്ധനകൾ സംബന്ധിച്ച വ്യക്തത ലഭിക്കുന്നത് വരെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ഒഴിവാക്കാൻ കുവൈറ്റിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. എംബസിയുടെ ഓപ്പൺ ഹൗസ് ചടങ്ങിലാണ് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ H.E. സിബി ജോർജ് ഇക്കാര്യം അറിയിച്ചത്.

കുവൈറ്റ് അധികൃതരിൽ നിന്ന് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, വാക്സിനെടുത്തിട്ടുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് അനുമതി നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റു രാജ്യങ്ങളിലൂടെ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ കുവൈറ്റിലേക്ക് പ്രവേശിച്ച ശേഷമുള്ള PCR പരിശോധന സംബന്ധിച്ചും, കുവൈറ്റിലെത്തിയ ശേഷമുള്ള ക്വാറന്റീൻ നടപടികളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ചും കൃത്യമായ സ്ഥിരീകരണം ഔദ്യോഗികമായി ലഭിക്കുന്നത് വരെ ഇത്തരം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന കോവിഷീൽഡ് വാക്സിൻ കുവൈറ്റിൽ അംഗീകാരമുള്ള ആസ്ട്ര സെനേക വാക്സിൻ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിനേഷൻ സർട്ടിഫിക്കറ്റ് QR കോഡ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ യാത്രാ സംബന്ധമായ അനുമതികൾ നേടുന്നതിന് ആവശ്യമായ സഹായങ്ങൾ എംബസിയുടെ ഓൺലൈൻ പോർട്ടലിലൂടെയും, എംബസിയുടെ റാപിഡ് റെസ്പോൺസ് വിഭാഗത്തിൽ നിന്നും ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ കുവൈറ്റിലേക്ക് നേരിട്ടുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വരുന്നതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഡയറക്ടർ യൗസേഫ് ഫവാസാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യാത്രാ വിലക്കുകൾ നിലനിൽക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഓഗസ്റ്റ് 1 മുതൽ നേരിട്ടുള്ള വിമാനസർവീസുകൾ അനുവദിക്കാൻ ഈ ഘട്ടത്തിൽ തീരുമാനിച്ചിട്ടില്ലെന്നും, ഇതിന്റെ വിവിധ വശങ്ങൾ പഠിച്ച് വരുന്നതായും അദ്ദേഹം അറിയിക്കുകയുണ്ടായി.