കുവൈറ്റ്: റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നു

featured GCC News

അനധികൃതമായി രാജ്യത്ത് തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റിൽ ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി കുവൈറ്റ് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ഫർവാനിയ ഗവർണറേറ്റിൽ 2024 ജൂലൈ 27-ന് പ്രത്യേക പരിശോധനകൾ നടത്തിയിട്ടുണ്ട്.

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സസ്, ഖൈത്താൻ മേഖലയിലെ റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം തുടങ്ങിയവരുമായി സഹകരിച്ചാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഈ പരിശോധനകൾ നടത്തുന്നത്. കുവൈറ്റ് അനുവദിച്ചിരുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് അനധികൃതമായി തുടരുന്ന വിദേശികളെ കണ്ടെത്തുന്നതിനായാണ് ഈ പരിശോധന.

ഈ പരിശോധനകളിൽ റെസിഡൻസി നിയമങ്ങൾ ലംഘിച്ച ഏതാനം പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് വരുന്നതായും, ഇതിന് ശേഷം ഇവരെ കുവൈറ്റിൽ നിന്ന് നാട് കടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ജൂൺ 30-ന് അവസാനിച്ചതോടെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റ് ശക്തമാക്കിയിരുന്നു.