2021 മെയ് 13, വ്യാഴാഴ്ച്ച രാവിലെ മുതൽ രാജ്യത്തെ ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഔദ്യോഗികമായി അവസാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഈദുൽ ഫിത്ർ ആദ്യ ദിനം മുതൽ പിൻവലിക്കാനുള്ള കുവൈറ്റ് ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്.
ഈദുൽ ഫിത്ർ ആദ്യ ദിനം 1:00am മുതൽ ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്ന് കുവൈറ്റ് സർക്കാർ ഔദ്യോഗിക വക്താവ് താരീഖ് അൽ മെസ്‌രം മെയ് 10-ന് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനപ്രകാരം, കുവൈറ്റിലെ ഈദുൽ ഫിത്ർ ദിനമായ മെയ് 13-ന് രാവിലെ മുതൽ രാജ്യത്തെ കർഫ്യു നിയന്ത്രണങ്ങൾ പിൻവലിക്കുകയും, പോലീസ് ചെക്ക് പോയിന്റുകൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
കർഫ്യു നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ റോഡുകളിൽ നിലനിന്നിരുന്ന പോലീസ് ചെക്ക് പോയിന്റുകൾ ഒഴിവാക്കുന്നതിന്റെ ദൃശ്യങ്ങളും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പങ്ക് വെച്ചിട്ടുണ്ട്. കർഫ്യു നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടുണ്ടെങ്കിലും, വാണിജ്യ സ്ഥാപനങ്ങൾ ദിനവും രാത്രി 8 മണിയോടെ അടയ്ക്കണമെന്നും, പുലർച്ചെ 5 മണി വരെ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഫാർമസികൾ, സൂപ്പർ മാർക്കറ്റുകൾ, ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ, റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ നിന്നുള്ള ഡെലിവറി സേവനങ്ങൾ മുതലായവയ്ക്ക് ഈ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം തുടരുന്നതാണ്.
Cover Photo: Kuwait News Agency.