രാജ്യത്തെ ആരോഗ്യപരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ മാസ്കുകൾ ഉപയോഗിക്കണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റിൽ COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നിർദ്ദേശം. കുവൈറ്റിലെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലും, കുവൈറ്റ് ആരോഗ്യ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്ന ജീവനക്കാരോട് മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കാൻ നിർദ്ദേശിച്ച് കൊണ്ട് ആരോഗ്യ വകുപ്പ് ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊറോണ വൈറസ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇൻഡോർ ഇടങ്ങളിൽ പൊതുജനങ്ങൾക്ക് വീണ്ടും മാസ്കുകൾ നിർബന്ധമാക്കുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.