60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് പ്രത്യേക ഫീ അടച്ച് കൊണ്ട് റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് അനുമതി നൽകാൻ സാധ്യതയുള്ളതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൈസ്കൂൾ ഡിഗ്രിയോ, അതിന് താഴെയോ വിദ്യാഭ്യാസമുള്ള അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് റെസിഡൻസി പെർമിറ്റുകൾ പുതുക്കി നൽകേണ്ടതില്ലെന്ന് കുവൈറ്റ് നേരത്തെ തീരുമാനിച്ചിരുന്നു.
എന്നാൽ ഇവർക്ക് പ്രത്യേക ഫീ ഏർപ്പെടുത്തിക്കൊണ്ട് റെസിഡൻസി പുതുക്കുന്നതിനുള്ള സാധ്യത തെളിയുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വാർഷികാടിസ്ഥാനത്തിൽ 2000 കുവൈറ്റ് ദിനാറാണ് ഇത്തരത്തിൽ റെസിഡൻസി പുതുക്കുന്നതിനുള്ള ഫീസായി നിശ്ചയിക്കുന്നതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.