കുവൈറ്റിൽ ഏപ്രിൽ 22 വരെ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യു നിയന്ത്രണങ്ങൾ റമദാൻ അവസാനിക്കുന്നത് വരെ തുടരാൻ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ COVID-19 സാഹചര്യങ്ങൾ കണക്കിലെടുത്ത് റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ലോക്ക്ഡൌൺ ഏർപ്പെടുത്താനുള്ള നിർദ്ദേശം സർക്കാരിന് മുന്നിൽ ആരോഗ്യ മേഖലയിൽ നിന്ന് സമർപ്പിക്കപ്പെട്ടതായാണ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
കുവൈറ്റിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ 2021 ഏപ്രിൽ 22 വരെ തുടരാൻ ഏപ്രിൽ 1-ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. നിലവിൽ ദിനവും വൈകീട്ട് 6 മണി മുതൽ പിറ്റേന്ന് രാവിലെ 5 വരെയുള്ള ഈ നിയന്ത്രണങ്ങൾ ഏപ്രിൽ 8 മുതൽ, വൈകീട്ട് 7 മണി മുതൽ പിറ്റേന്ന് രാവിലെ 5 വരെയാക്കി പുനഃക്രമീകരിക്കുന്നതിനും കുവൈറ്റ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഏപ്രിൽ 8 മുതൽ ഏപ്രിൽ 22 വരെയുള്ള കാലയളവിൽ രാജ്യത്തെ സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിക്കുമെന്നും, രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ഏപ്രിൽ 22-നു ശേഷം ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നുമാണ് ആരോഗ്യ രംഗത്ത് നിന്ന് ലഭിക്കുന്ന സൂചനകൾ. റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ പൂർണ്ണമായുള്ള ലോക്ക്ഡൌൺ ഏർപ്പെടുത്താൻ സാധ്യതയുള്ളതായും സ്രോതസ്സുകൾ സൂചിപ്പിക്കുന്നു.
റമദാൻ മാസത്തിൽ റെസ്റ്ററന്റുകൾ, കഫേകൾ, മറ്റു ഭക്ഷണശാലകൾ എന്നിവയ്ക്ക് ദിനവും രാവിലെ 5 മണി മുതൽ പുലർച്ചെ 3 വരെ പാർസൽ സേവനങ്ങൾ നൽകുന്നതിനും അധികൃതർ അനുമതി നൽകിയിട്ടുണ്ട്. റമദാനിൽ ദിനവും വൈകീട്ട് 7 മുതൽ രാത്രി 10 വരെ വ്യായാമത്തിനായി പുറത്തിറങ്ങുന്നതിനും, വ്യായാമത്തിനായി കാൽനടയായി സഞ്ചരിക്കുന്നതിനും അനുമതി നൽകുന്നതാണ്. ഏപ്രിൽ 8 മുതൽ ജനങ്ങൾക്ക് മുൻകൂർ പെർമിറ്റുകളോടെ ദിനവും വൈകീട്ട് 7 മുതൽ രാത്രി 12 മണി വരെ ഷോപ്പിംഗ് കേന്ദ്രങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, കോ-ഓപ് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഷോപ്പിംഗ് അനുവദിക്കുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം റമദാൻ മാസത്തിൽ COVID-19 സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ രാജ്യവ്യാപകമായി ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ വീഴ്ച്ചകൾക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക കമ്മിറ്റിയെ കുവൈറ്റ് സർക്കാർ നിയമിച്ചിട്ടുണ്ട്. ആളുകൾ ഒത്ത് ചേരുന്ന സാഹചര്യങ്ങൾ അനുവദിക്കില്ലെന്നും അനധികൃതമായുള്ള ഒത്ത് ചേരലുകൾ കണ്ടെത്തുന്ന കൃഷിയിടങ്ങൾ, ഫാം ഹൗസുകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതുൾപ്പടെയുള്ള നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.