രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കായുള്ള മെഡിക്കൽ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ പ്രവർത്തന സമയക്രമമുൾപ്പടെയുള്ള നടപടികളിൽ മാറ്റം വരുത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 മെയ് 15-നാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ മാറ്റങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി കുവൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഖാലിദ് അൽ സയീദ് ശുവൈഖിലെ ലേബർ എക്സാമിനേഷൻ സെന്ററിൽ നേരിട്ടെത്തിയിരുന്നു. 2022 മെയ് 16, തിങ്കളാഴ്ച മുതൽ ഇത്തരം മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ശുവൈഖ്, സബ്ഹാൻ, ജഹ്റ, അലി സബാഹ് അൽ സലേം മുതലായ ഇടങ്ങളിലെ തൊഴിലാളികളുടെ ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളിൽ ഈ മാറ്റം ബാധകമാണ്. ഇത്തരം കേന്ദ്രങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ കുവൈറ്റി സ്പോൺസറോടൊത്ത് എത്തുന്ന ഗാർഹിക തൊഴിലാളികളുടെ പരിശോധന നടത്തുന്നതാണ്. മറ്റ് പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധന ഉച്ചയ്ക്ക് 1 മണിമുതൽ രാത്രി 8 മണിവരെയായിരിക്കും.
മുൻകൂർ ബുക്കിംഗ് തീയതികൾ പ്രകാരമായിരിക്കും ഈ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ. മുൻകൂട്ടിയുള്ള ബുക്കിങ്ങിലൂടെ ലഭിക്കുന്ന തീയതിയിൽ തന്നെ ഇത്തരം കേന്ദ്രങ്ങളിലെത്താൻ പ്രവാസി തൊഴിലാളികളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Image: Kuwait News Agency.