റെസിഡൻസി നിയമങ്ങളിലെയും, തൊഴിൽ നിയമങ്ങളിലെയും വീഴ്ച്ചകൾ കണ്ടെത്തുന്നതിനായി ജലീബ്, മഹബൗല പ്രദേശങ്ങളിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനകൾ സംഘടിപ്പിച്ചു. 2022 സെപ്റ്റംബർ 10-ന് രാത്രിയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രിയും, ഡിഫെൻസ് മിനിസ്റ്ററുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേതൃത്വത്തിലാണ് ഹവാലി, ഖൈതാൻ മേഖലകളിൽ ഈ പരിശോധനകൾ നടത്തിയത്.
ഈ പരിശോധനകളിൽ റെസിഡൻസി, തൊഴിൽ നിയമങ്ങളിലെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവരും, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും, മുൻ കേസുകളുമായി ബന്ധപ്പെട്ടവരും ഇതിൽ ഉൾപ്പെടുന്നു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പരിശോധനകൾ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.