വ്യാജ വാർത്തകൾ, തെറ്റായ വാർത്തകൾ എന്നിവ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയം മാധ്യമസ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു. 2024 ജൂൺ 1-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാഷ്ട്രത്തോടുള്ള ഉത്തരവാദിത്വം മുൻനിർത്തി വിവരങ്ങൾ അറിയിക്കാനും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും മാധ്യമങ്ങളോട് ഇൻഫർമേഷൻ മന്ത്രാലയത്തിലെ പ്രസ്, പബ്ലിഷിംഗ് ആൻഡ് പുബ്ലിക്കേഷൻസ് വിഭാഗം അണ്ടർ സെക്രട്ടറി ലാഫി അൽ സുബൈഈ ആഹ്വാനം ചെയ്തിട്ടുണ്ട്. കുവൈറ്റ് ന്യൂസ് ഏജൻസിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
വാർത്തകൾ തികഞ്ഞ ഉത്തരവാദിത്വത്തോടെ മാത്രം പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജമായതും, തെറ്റായതുമായ വാർത്തകൾ പ്രചരിപ്പിക്കുന്ന ഏതാനം അക്കൗണ്ടുകൾ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പ്രവർത്തികൾ നിയമനടപടികളിലേക്ക് നയിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെറ്റായ രീതിയിൽ പ്രസിദ്ധീകരിക്കുന്ന ഓരോ വാർത്തകളുടെയും ഉത്തരവാദിത്വം ഉൾക്കൊള്ളുന്നതിന് അവ പ്രചരിപ്പിക്കാനിടയാവർക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങളുടെ വിശ്വാസ്യത നിലനിർത്തുന്നതിന് ഇത് വളരെ പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.