വ്യാജ സന്ദേശങ്ങളെക്കുറിച്ചും, വെബ്സൈറ്റുകളെക്കുറിച്ചും ജാഗ്രത പുലർത്താൻ രാജ്യത്തെ ജനങ്ങളോട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. വ്യാജ സന്ദേശങ്ങൾ, തിരിച്ചറിയാനാകാത്ത വെബ്സൈറ്റുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2023 ജൂലൈ 14-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ തുക അടയ്ക്കുന്നതിന് നിർദ്ദേശിച്ച് കൊണ്ട് പൊതുജനങ്ങളെ കബളിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജ സന്ദേശങ്ങളും, അവയിൽ നിന്നുള്ള ലിങ്കുകൾ നയിക്കുന്ന വെബ്സൈറ്റുകളും പ്രവർത്തിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് പിഴ തുകകൾ സംബന്ധിച്ച അറിയിപ്പുകൾ ഔദ്യോഗിക സഹേൽ ആപ്പിലൂടെ ലഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ട്രാഫിക് പിഴതുകകൾ അടയ്ക്കാൻ ആവശ്യപ്പെട്ടുക്കൊണ്ട് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന വ്യാജ എസ് എം എസ് സന്ദേശങ്ങളെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം 2023 ജൂലൈ 11-ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത്തരം വ്യാജ സന്ദേശങ്ങൾക്ക് ഇരയാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. പിഴ അടയ്ക്കാത്തവർക്ക് കൂടുതൽ പിഴചുമത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള തരത്തിലുള്ള സന്ദേശങ്ങൾ മന്ത്രാലയത്തിൽ നിന്ന് ഒരു കാരണവശാലും അയക്കില്ലെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Pixabay.