രാജ്യത്തെ 32000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയതായി കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. 2021-ലെ ആദ്യ പത്ത് മാസത്തെ കാലയളവിലാണ് ഈ ലൈസൻസുകൾ റദ്ദ് ചെയ്തിരിക്കുന്നത്.
ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്തരം രേഖകൾ റദ്ദ് ചെയ്തിരിക്കുന്നത്. ട്രാഫിക് വകുപ്പിലെ പബ്ലിക് റിലേഷൻസ് ചീഫ് കേണൽ നവാഫ് അൽ ഹയാനെ ഉദ്ധരിച്ചാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റെസിഡൻസി അഫയേഴ്‌സ്, പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ എന്നീ വകുപ്പുകളുമായി ചേർന്ന് കർശനമായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രവാസികൾക്ക് ട്രാഫിക് ലൈസൻസ് അനുവദിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച ശേഷം തൊഴിൽ മാറിയിട്ടുള്ള പ്രവാസികളുടെ ലൈസൻസുകളാണ് ഇപ്രകാരം റദ്ദാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.