രാജ്യത്തെ പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡൻസി അഫയേഴ്‌സ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത് പ്രകാരം കുവൈറ്റ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ ഉപയോഗിച്ച് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് മാത്രമാണ് വിസകൾ അനുവദിക്കുന്നത്. ഫൈസർ, ആസ്ട്രസെനേക, മോഡർന എന്നീ വാക്സിനുകളുടെ രണ്ട് ഡോസ്, അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൻ വാക്സിന്റെ ഒരു ഡോസ് എന്നിവയ്ക്കാണ് കുവൈറ്റ് അംഗീകാരം നൽകിയിരിക്കുന്നത്.
പ്രവാസികളുടെ ജീവിതപങ്കാളികൾക്ക് മാത്രമാണ് ആശ്രിത വിസ അനുവദിക്കുന്നത്. പ്രവാസികളുടെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് 16 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫാമിലി വിസ അല്ലെങ്കിൽ വിസിറ്റ് വിസ എന്നിവ അനുവദിക്കുന്നത്. 500 ദിനാറെങ്കിലും ശമ്പളമുള്ള പ്രവാസികളുടെ കുട്ടികൾക്കാണ് ഇത്തരത്തിൽ വിസ അനുവദിക്കുന്നത്.