കുവൈറ്റ്: എല്ലാ വർഷവും മാർച്ച് 6 മുതൽ 12 വരെ പരിസ്ഥിതി വാരം ആചരിക്കാൻ തീരുമാനം

GCC News

രാജ്യത്ത് എല്ലാ വർഷവും മാർച്ച് 6 മുതൽ മാർച്ച് 12 വരെ പരിസ്ഥിതി വാരമായി ആചരിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് എൻവിറോണ്മെന്റ് പബ്ലിക് അതോറിറ്റി (EPA) അറിയിച്ചു. 2022 മാർച്ച് 4-നാണ് EPA ഇക്കാര്യം അറിയിച്ചത്.

EPA ഡയറക്ടർ ജനറൽ H.E. ഷെയ്ഖ് അബ്ദുല്ല അൽ അഹ്മദ് അൽ ഹമൗദ് അൽ സബാഹ് മാർച്ച് 4-ന് നൽകിയ കുവൈറ്റ് എൻവിറോണ്മെന്റ് വീക്ക് സംബന്ധമായ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി 2022 മാർച്ച് 6 മുതൽ മാർച്ച് 12 വരെ കുവൈറ്റിൽ പരിസ്ഥിതി വാരമായി ആചരിക്കുന്നതാണ്.

രാജ്യത്തെ ജനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും, കുവൈറ്റിലെ പ്രകൃതി വിഭാഗങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. പരിസ്ഥിതി വാരാഘോഷങ്ങളുടെ ഭാഗമായി വർക്ക്ഷോപ്പുകൾ, ബോധവത്കരണ പ്രചാരണ പരിപാടികൾ, മരങ്ങൾ നട്ടുപിടിപ്പിക്കുന്ന ചടങ്ങുകൾ എന്നിവ ഉൾപ്പടെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് പരിസ്ഥിതി വാരാഘോഷങ്ങൾ സംഘടിപ്പിക്കുന്നത് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിന് സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മാർച്ച് 6-ന് അൽ ജഹ്‌റ നാച്ചുറൽ റിസർവ് സന്ദർശിച്ച് കൊണ്ട് ഈ വാരാചരണത്തിന് തുടക്കമിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Cover Image: Al Jahra Natural Reserve. Kuwait News Agency.