ഫെബ്രുവരി 24, ബുധനാഴ്ച്ച മുതൽ രാജ്യത്തിന്റെ കര, കടൽ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചതായി കുവൈറ്റ് ക്യാബിനറ്റ് പ്രഖ്യാപിച്ചു. ഫെബ്രുവരി 22-ന് രാത്രിയാണ് കുവൈറ്റ് ക്യാബിനറ്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2021 ഫെബ്രുവരി 24 മുതൽ മാർച്ച് 20 വരെ നാലാഴ്ച്ചത്തേക്കാണ് കര, കടൽ അതിർത്തികൾ അടച്ചിടാൻ കുവൈറ്റ് തീരുമാനിച്ചിട്ടുള്ളത്. അതേസമയം, രാജ്യത്ത് ഭാഗികമായോ, പൂർണമായോ കർഫ്യു ഏർപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പുകൾ നൽകിയ നിർദ്ദേശത്തെ ക്യാബിനറ്റ് തള്ളിക്കളഞ്ഞു.
കുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബായുടെ നേതൃത്വത്തിൽ ഫെബ്രുവരി 22-ന് ചേർന്ന ക്യാബിനറ്റ് മന്ത്രിമാരുടെ ആഴ്ച്ചതോറുമുള്ള യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള ചുമതല കുവൈറ്റ് ആഭ്യന്തര മന്ത്രാലയം, കുവൈറ്റ് കസ്റ്റംസ് എന്നിവർക്ക് ക്യാബിനറ്റ് നൽകിയിട്ടുണ്ട്.
കര, കടൽ അതിർത്തികളിലൂടെ ഈ കാലയളവിൽ ഷിപ്പിംഗ് സേവനങ്ങൾ, പ്രത്യേക അനുമതിയുള്ള തൊഴിലാളികൾ എന്നിവയുടെ ഗതാഗതത്തിന് മാത്രമാണ് അനുമതി. കര, കടൽ അതിർത്തികളിലൂടെ കുവൈറ്റ് പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, അവരുടെ ഗാർഹിക ജീവനക്കാർ എന്നിവർക്കും ഈ വിലക്കിൽ ഇളവ് നൽകുന്നതാണ്.
വിദേശ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരാൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഫെബ്രുവരി 21-ന് അറിയിച്ചിരുന്നു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിദേശികൾക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായും DGCA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ രാജ്യത്തിന്റെ കര, കടൽ അതിർത്തികൾ മാർച്ച് 20 വരെ അടച്ചിടാൻ തീരുമാനിച്ചതോടെ, വിദേശ യാത്രികർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്കുകൾ ഈ കാലാവധി അവസാനിക്കുന്നത് വരെ തുടരുന്നതാണ്.
ഫെബ്രുവരി 24 മുതൽ ഭക്ഷണശാലകൾക്ക് നിയന്ത്രണം
രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനും കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ഷോപ്പിംഗ് മാളുകളിൽ പ്രവർത്തിക്കുന്നതുൾപ്പടെയുള്ള ഭക്ഷണശാലകളിൽ, ഉപഭോക്താക്കൾ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പാർസൽ സേവനങ്ങൾക്ക് അനുമതി ഉണ്ടായിരിക്കുന്നതാണ്. ഫെബ്രുവരി 24 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് ഭക്ഷണശാലകളിലെ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.