കുവൈറ്റ്: പൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതോടെ പരിശോധനകൾ ശക്തമാക്കുമെന്ന് സൂചന

featured GCC News

പൊതുമാപ്പ് പദ്ധതിയുടെ കാലാവധി അവസാനിക്കുന്ന 2024 ജൂൺ 30-ന് ശേഷം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റ് ശക്തമാക്കുമെന്ന് സൂചന. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വിഭാഗം വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് തങ്ങളുടെ രേഖകൾ ഔദ്യോഗികമായി ക്രമപ്പെടുത്തുന്നതിന് അനുവദിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ജൂൺ 30 വരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നീട്ടി നൽകിയിരുന്നു. ഈ കാലാവധി അവസാനിക്കുന്നതോടെ റെസിഡൻസി നിയമങ്ങൾ ലംഘിച്ച് തുടരുന്നവരെ കണ്ടെത്തുന്നതിനുള്ള സുരക്ഷാ പരിശോധനകൾ രാജ്യവ്യാപകമായി സംഘടിപ്പിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകൾ സൂചിപ്പിച്ചിട്ടുണ്ട്.

സെക്യൂരിറ്റി, റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, റെസ്ക്യൂ, സ്പെഷ്യൽ സർവീസസ് തുടങ്ങിയ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന ഈ പരിശോധനയിൽ കുവൈറ്റിലെ മുഴുവൻ ഗവർണറേറ്റുകളെയും ഉൾപ്പെടുത്തുന്നതാണ്. രാജ്യത്തെ വിദൂര പ്രദേശങ്ങളിലും, കൃഷിയിടങ്ങളിലും ഉൾപ്പടെയുള്ള മുഴുവൻ റസിഡൻസി നിയമലംഘകരെയും കണ്ടെത്തുന്നതിനാണ് ഈ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്.

റസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് കുവൈറ്റിൽ തുടരുന്നവർക്ക് അഭയം നൽകുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.