34 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം പിൻവലിച്ചതായ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി. ഈ രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ തുടരുമെന്നും DGCA അറിയിച്ചു.
കുവൈറ്റ് യാത്രാ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുള്ള 34 രാജ്യങ്ങളിൽ, ഏതാനം രാജ്യങ്ങളിൽ നിന്നും നേരിട്ടുള്ള വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതായുള്ള രീതിയിലുള്ള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് DGCA ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. ഈ വിലക്ക് നിലവിൽ പിൻവലിച്ചിട്ടില്ലെന്നും, 34 രാജ്യങ്ങളുടെ പട്ടിക അതേപടി തുടരുമെന്നും DGCA അറിയിച്ചു.
കൊറോണ വൈറസ് വ്യാപന സാഹചര്യത്തിലാണ് ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ DGCA ഓഗസ്റ്റ് 1-നു തീരുമാനിച്ചത്. പിന്നീട് ഈ പട്ടിക 34 രാജ്യങ്ങൾ എന്ന നിലയിലേക്ക് മാറ്റം വരുത്തുകയുണ്ടായി. ഓരോ രാജ്യങ്ങളിലെയും സ്ഥിതിഗതികൾ വിശകലനം ചെയ്ത ശേഷം, വിലക്കുകളിൽ അധികൃതർ തീരുമാനം കൈക്കൊള്ളുന്നതാണെന്നും DGCA വ്യക്തമാക്കിയിരുന്നു.