കുവൈറ്റ്: റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിച്ച ജലീബ് അൽ ശുയൂഖിലെ പ്രവാസികളെ നാട് കടത്തുമെന്ന് സൂചന

Kuwait

റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിച്ച ശേഷവും ജലീബ് അൽ ശുയൂഖിൽ തുടരുന്ന പ്രവാസികളെ കുവൈറ്റ് നാട് കടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജലീബ് അൽ ശുയൂഖിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന സംയുക്ത ഔദ്യോഗിക കമ്മിറ്റി ഉടൻ തന്നെ ഇത് സംബന്ധിച്ച നടപടികൾ ആരംഭിക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.

ഈ മേഖലയിൽ അനുവാദമില്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ അടച്ച് പൂട്ടുന്നതിനും, വാണിജ്യ ലൈസൻസ് ഇല്ലാതെ കച്ചവടങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടികൾ കൈക്കൊള്ളുന്നതിനും കമ്മിറ്റി തയ്യാറെടുക്കുന്നതായാണ് അറിയാൻ കഴിയുന്നത്. ജലീബ് അൽ ശുയൂഖ് മേഖലയിലെ ഇത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതിനായാണ് ഏതാണ്ട് 2 വർഷം മുൻപ് ഈ കമ്മിറ്റി രൂപീകരിച്ചത്.

കുവൈറ്റിലെ ഫർവാനിയ ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന ജലീബ് അൽ ശുയൂഖ്, മേഖലയിൽ ഏറ്റവും കൂടുതൽ പ്രവാസി തൊഴിലാളികൾ താമസിക്കുന്ന ഒരിടമാണ്. ഇവിടെ പെർമിറ്റുകളില്ലാതെ പ്രവർത്തിക്കുന്ന താത്കാലിക മാർക്കറ്റുകൾക്കെതിരെ നടപടികൾ കൈക്കൊള്ളുന്നതിന് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.