രാജ്യത്തെ ട്രാഫിക് സംവിധാനങ്ങളുടെ നവീകരണത്തിന്റെ ഭാഗമായി ടാക്സി, കാൾ ടാക്സി സേവനങ്ങൾക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ഓഗസ്റ്റ് 28-ന് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് നടപ്പിലാക്കുന്ന ഈ നിബന്ധനകൾ 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. രാജ്യത്തെ ടാക്സി സേവനങ്ങൾ കൂടുതൽ മികച്ചതാക്കുന്നതും, പൊതുജനങ്ങൾക്ക് കൂടുതൽ മികച്ച പൊതുഗതാഗത സേവനങ്ങൾ നൽകുന്നതും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.
ഇതിന്റെ ഭാഗമായി ടാക്സി ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തുന്നതാണ്. പബ്ലിക് അതോറിറ്റി ഓഫ് മാൻപവറുമായി ചേർന്ന് ഇവരുടെ പ്രവർത്തിസമയം രാജ്യത്തെ തൊഴിൽ നിയമങ്ങൾ അനുസരിച്ച് നിജപ്പെടുത്താനും കുവൈറ്റ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ഈ നിബന്ധനകൾ പ്രബല്യത്തിൽ വരുന്നതോടെ കുവൈറ്റിലെ ടാക്സി ഡ്രൈവർമാർക്ക് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് വാർഷികാടിസ്ഥാനത്തിൽ പുതുക്കുന്ന രീതിയിലുള്ള ഒരു ഫിറ്റ്നസ് കാർഡ് നിർബന്ധമാകുന്നതാണ്. ടാക്സി ഡ്രൈവർമാർ പാലിക്കേണ്ടതായ സാങ്കേതികമായതും, ശുചിത്വവുമായി ബന്ധപ്പെട്ടതും, ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ടതുമായ നിബന്ധനകളും ഇതിന്റെ ഭാഗമായി പ്രാബല്യത്തിൽ വരുന്നതാണ്. തുടർച്ചയായി ട്രാഫിക് നിയമലംഘനങ്ങൾ വരുത്തുന്ന ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് പിൻവലിക്കുമെന്നും, ഇവരെ നാട് കടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.