2021 മാർച്ച് 7, ഞായറാഴ്ച്ച മുതൽ ഏപ്രിൽ 8 വരെ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന രാത്രികാല കർഫ്യു വേളയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് സഞ്ചരിക്കുന്നതിന് പ്രത്യേക പെർമിറ്റുകൾക്ക് അപേക്ഷിക്കാമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കർഫ്യു നിലനിൽക്കുന്ന സമയങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് സഞ്ചരിക്കാനുള്ള പെർമിറ്റുകൾക്ക് മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്. മാർച്ച് 6-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
കർഫ്യു സമയങ്ങളിൽ തൊഴിലെടുക്കുന്നതിനുള്ള ഇത്തരം പെർമിറ്റുകൾ പ്രത്യേക പ്രവർത്തനാനുമതി നൽകിയിട്ടുള്ള മേഖലകളിലെ ജീവനക്കാർക്ക് മാത്രമാണ് നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സൂപ്പർ മാർക്കറ്റുകളിലെ ജീവനക്കാർ, ഫാർമസി ജീവനക്കാർ, എ സി, എലവേറ്റർ എന്നിവയുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന ജീവനക്കാർ, ഇലക്ട്രിക്ക് കമ്പനികളിലെ ജീവനക്കാർ മുതലായവർക്കാണ് നിലവിൽ ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നത്.
ജീവനക്കാർക്ക് ഇത്തരം പെർമിറ്റുകൾ അനുവദിച്ച് കിട്ടുന്നതിന് തൊഴിലുടമകൾ അപേക്ഷിക്കേണ്ടതാണ്. ഇത്തരം പെർമിറ്റുകൾ ആവശ്യമായ തൊഴിലാളികൾ, അവരെ വഹിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്കായി പ്രത്യേകം അപേക്ഷകൾ ആഭ്യന്തര മന്ത്രാലയത്തിൽ നൽകേണ്ടതാണ്.
അടിയന്തിര സാഹചര്യങ്ങളിൽ പ്രത്യേക പെർമിറ്റിന് അപേക്ഷിക്കാം:
ഇതിന് പുറമെ അടിയന്തിര സ്വഭാവമുള്ള സാഹചര്യങ്ങളിൽ കുവൈറ്റി പൗരന്മാർക്കും, പ്രവാസികൾക്കും 2 മണിക്കൂർ സഞ്ചാരാനുമതി നൽകുന്ന പ്രത്യേക പെർമിറ്റുകൾ നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും, രക്തദാനം, വാക്സിനേഷൻ, PCR ടെസ്റ്റ് എന്നീ ആവശ്യങ്ങൾക്കുമാണ് ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നത്. ഇത്തരം പെർമിറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫൊർമേഷന്റെ (PACI) വെബ്‌സൈറ്റിൽ നൽകാവുന്നതാണ്.
മാർച്ച് ഏഴ് മുതൽ ഏപ്രിൽ 8 വരെ ഒരു മാസത്തേക്കാണ് നിലവിൽ ഭാഗിക കർഫ്യു തിരികെ ഏർപ്പെടുത്താൻ കുവൈറ്റ് തീരുമാനിച്ചിട്ടുള്ളത്. ഈ കാലയളവിൽ ദിനവും വൈകീട്ട് 5 മണിമുതൽ പിറ്റേന്ന് രാവിലെ 5 വരെയാണ് കർഫ്യു ഏർപ്പെടുത്തുന്നത്. രാജ്യത്തെ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് രാത്രികാല നിയന്ത്രണങ്ങൾ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്.