ഓഗസ്റ്റ് 30, ഞായറാഴ്ച്ച രാവിലെ 3 മണി മുതൽ, രാജ്യത്തേർപെടുത്തിയിട്ടുള്ള കർഫ്യു നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി കുവൈറ്റ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് പ്രഖ്യാപിച്ചു. രാജ്യത്തെ മുഴുവൻ മേഖലകളിലും ഈ തീരുമാനം ബാധകമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കുവൈറ്റ് സർക്കാർ വക്താവ് താരീഖ് അൽ മെസ്രം, ഓഗസ്റ്റ് 20-നു വൈകീട്ടാണ് ഇക്കാര്യം അറിയിച്ചത്.
കർഫ്യു നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഏതാനം പ്രവർത്തനങ്ങൾക്കുള്ള വിലക്കുകൾ തുടരാൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പൊതു, സ്വകാര്യ ഇടങ്ങളിൽ വെച്ച് നടത്തുന്ന വിവാഹാഘോഷങ്ങൾ, വിരുന്നു സത്കാരങ്ങൾ, ഔദ്യോഗികവിരുന്നുകൾ, മരണാനന്തര ചടങ്ങുകൾ മുതലായവയ്ക്കുള്ള നിയന്ത്രണങ്ങളാണ് തുടരാൻ തീരുമാനിച്ചിട്ടുള്ളത്.