കുവൈറ്റ്: രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസകളുടെ വിശകലനം അടുത്ത ആഴ്ച മുതൽ

Kuwait

നിലവിൽ രാജ്യത്തിനു പുറത്തുള്ള, കാലാവധി അവസാനിച്ച റെസിഡൻസി പെർമിറ്റുകൾ ഉള്ളവരുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട വിശകലന പ്രക്രിയ കുവൈറ്റിൽ അടുത്ത ആഴ്ച മുതൽ ആരംഭിക്കും. ഇത്തരം വിസകളിലുള്ളവരിൽ നിന്ന് രാജ്യത്ത് മടങ്ങിയെത്താൻ അനുവാദം നൽകേണ്ടവരെ, ഈ പ്രക്രിയയിലൂടെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുന്നതാണ്. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ, മാർച്ച് മാസം മുതൽ, ഇത്തരത്തിൽ ഏതാണ്ട് 70,000-ത്തോളം പ്രവാസികൾ കുവൈറ്റിലേക്ക് തിരികെ എത്തുന്നതിനായി കാത്തിരിക്കുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന സൂചനകൾ.

ഇത്തരത്തിൽ രാജ്യത്തിന് പുറത്തുള്ള ഓരോ റെസിഡൻസി വിസകളിലുള്ളവരുടെയും രേഖകൾ, തൊഴിൽ പരമമായ സാഹചര്യങ്ങൾ മുതലായവ അടിസ്ഥാനപ്പെടുത്തി, വിശദമായ പരിശോധനകൾക്ക് ശേഷമായിരിക്കും മടങ്ങിവരുന്നത് സംബന്ധിച്ച അനുവാദം നൽകുക എന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കുവൈറ്റിൽ മടങ്ങിയെത്താൻ അനുവാദം ലഭിക്കുന്നവർക്ക് സന്ദർശക വിസകളിലായിരിക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകുന്നത് എന്നാണ് സൂചനകൾ.