ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം ആഴ്ചതോറും പുനഃപരിശോധിക്കുമെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA), ആരോഗ്യ മന്ത്രാലയം എന്നിവർ സംയുക്തമായി ഓരോ ആഴ്ചയിലെയും സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഈ തീരുമാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതാണ്.
ഇത് കൂടാതെ, ഈ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്കുള്ള വ്യോമയാന സേവനങ്ങൾ കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾക്ക് വിധേയമായി പുനരാരംഭിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിക്ക് രൂപം നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികൃതർ ആലോചിക്കുന്നതായാണ് ലഭിക്കുന്ന സൂചനകൾ. കൃത്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ, നിയമ പ്രക്രിയകൾ എന്നിവയ്ക്ക് വിധേയമായിട്ടായിരിക്കും ഇത്തരം വിമാനങ്ങൾക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവേശനം നൽകുക.
യാത്രാ വിലക്കേർപ്പെടുത്തിയിരിക്കുന്ന 31 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്, കുവൈറ്റ് യാത്രാ വിലക്കുകൾ ഏർപെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും രാജ്യത്തേക്ക് ആദ്യം യാത്രചെയ്ത്, ആ രാജ്യങ്ങളിൽ 14 ദിവസം പൂർത്തിയായ ശേഷം COVID-19 PCR പരിശോധനകൾ നടത്തി കുവൈറ്റിലേക്ക് യാത്ര ചെയ്യാവുന്നതാണെന്ന തീരുമാനത്തിൽ മാറ്റം വരുത്തുന്നതിനും ആലോചിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. മറ്റൊരു രാജ്യത്ത് 14 ദിവസം കഴിയുന്നതിനു പകരം, യാത്രികർക്ക് കുവൈറ്റിൽ പ്രവേശിച്ച ശേഷം അധികൃതർ അംഗീകരിച്ച ഹോട്ടലുകളിൽ സ്വന്തം ചെലവിൽ 14 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നടപടികൾക്ക് വിധേയമായി പ്രവേശനം നൽകുന്നതിന്റെ സാധ്യതകൾ ബന്ധപ്പെട്ട അധികൃതർ പരിശോധിച്ച് വരികയാണ്.
കൊറോണ വൈറസ് വ്യാപന സാധ്യത മുൻനിർത്തി, ഓഗസ്റ്റ് 1 മുതലാണ് ഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ DGCA തീരുമാനിച്ചത്.
ഇന്ത്യക്കാർക്ക് നേരിട്ട് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള യാത്രാ വിലക്കുകളുമായി ബന്ധപ്പെട്ട്, കഴിഞ്ഞ ദിവസം കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കിയിരുന്നു.