രാജ്യത്ത് റെസിഡൻസി നിയമങ്ങൾ ലംഘിച്ച് കൊണ്ട് തുടരുന്നവരെ കണ്ടെത്തുന്നതിനായുള്ള നടപടികൾ ശക്തമാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം വ്യക്തികളെ കണ്ടെത്തുന്നതിനായുള്ള പ്രത്യേക പരിശോധനകൾ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടപ്പിലാക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ പരിശോധനകളിൽ പിടിക്കപ്പെടുന്നവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്നും, ഇത്തരക്കാരെ കുവൈറ്റിൽ നിന്ന് നാട് കടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 3 മുതൽ 11 വരെയുള്ള കാലയളവിൽ ഇത്തരത്തിൽ 426 പേരെ കുവൈറ്റിൽ നിന്ന് നാട് കടത്തിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണ വൈറസ് പശ്ചാത്തലത്തിൽ റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്ക് മാനുഷിക പരിഗണന കണക്കിലെടുത്ത് പ്രത്യേക ഇളവുകൾ അനുവദിച്ചിരുന്നു. ഇത്തരം ഇളവുകൾ ഇനി ഉണ്ടാകില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കുവൈറ്റിൽ റെസിഡൻസി നിയമങ്ങൾ ലംഘിച്ച് ഏതാണ്ട് ഒന്നരലക്ഷത്തിലധികം പേർ തുടരുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവർ പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താതെ രാജ്യത്ത് തുടരുന്നതായി അധികൃതർ സൂചിപ്പിച്ചു. ഇത്തരക്കാർക്ക് കൃത്യമായ പിഴ തുകകൾ ഒടുക്കിക്കൊണ്ട് രാജ്യത്ത് നിന്ന് മടങ്ങുന്നതിന് അവസരമുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസുകൾ സൂചിപ്പിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.