കുവൈറ്റ്: സ്വകാര്യ മേഖലയിൽ ഇരുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാൻ ശുപാർശ; വർക്ക് പെർമിറ്റ് സംവിധാനങ്ങൾ നവീകരിക്കും

Kuwait

രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് സംവിധാനം നവീകരിക്കുന്നതിനായി പബ്ലിക് മാൻപവർ അതോറിറ്റിയെ കുവൈറ്റ് ക്യാബിനറ്റ് ചുമതലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള ഫീ ഉയർത്തുന്നതിനും ക്യാബിനറ്റ് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ഫീ, അനുബന്ധ തുകകൾ എന്നിവ പുനഃപരിശോധിക്കാനും, ആവശ്യമായ മാറ്റങ്ങൾ വരുത്താനും ക്യാബിനറ്റ് മാൻപവർ അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2022 രണ്ടാം പാദത്തിലും, മൂന്നാം പാദത്തിലുമായാണ് ഫീ ഉയർത്തുന്നത് നടപ്പിലാക്കുക എന്നാണ് ലഭിക്കുന്ന സൂചന.

ഇതോടൊപ്പം, രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ ശതമാനം 2022 തുടക്കം മുതൽ ഉയർത്തുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. 2022 ആരംഭം മുതൽ അഞ്ച് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനും, 2025 അവസാനത്തോടെ സ്വകാര്യ മേഖലയിൽ ഇരുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Cover Photo: Kuwait News Agency.