ജനുവരി 12-നു മുൻപായി സാധുത അവസാനിക്കുന്ന റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്ന നടപടികൾ ഈ വർഷാന്ത്യത്തിനു മുൻപായി പൂർത്തിയാക്കാൻ കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മുന്നറിയിപ്പ് നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ വീഴ്ച്ച വരുത്തുന്നവർക്ക് നിയമ നടപടികളും, പിഴ തുകകളും നേരിടേണ്ടിവരാമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.
ഇത്തരത്തിൽ റെസിഡൻസി/ വർക്ക് പെർമിറ്റുകൾ അവസാനിക്കുന്നവർ 2021 ജനുവരി 1-നു മുൻപ് ഇവ പുതുക്കുന്ന നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ഇതിനായി 2020 ഡിസംബർ 31, വ്യാഴാഴ്ച്ച വരെയുള്ള കാലാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
വർക്ക് പെർമിറ്റുകൾ പുതുക്കി നൽകുന്ന സേവനങ്ങൾക്കായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഡിജിറ്റൽ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി, 2021 ജനുവരി 1 മുതൽ 11 വരെയുള്ള കാലയളവിൽ ഇത്തരം എല്ലാ സേവനങ്ങളും നിർത്തിവെക്കുമെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. പുതിയ സംവിധാനം പ്രാവർത്തികമാക്കുന്ന ജനുവരി 1 മുതൽ 12 വരെയുള്ള കാലയളവിൽ വർക്ക് പെർമിറ്റ് പുതുക്കുന്ന സംവിധാനങ്ങളുടെ പ്രവർത്തനം പൂർണ്ണമായും തടസപ്പെടുമെന്നും, ഇതിനാൽ ഈ കാലയളവിൽ വർക്ക് പെർമിറ്റുകൾ പുതുക്കി നൽകുന്ന സേവനങ്ങൾ ലഭിക്കില്ലെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ ഡിജിറ്റൽ സംവിധാനം 2021 ജനുവരി 12 മുതൽ പ്രവർത്തനമാരംഭിക്കുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.