മണൽപ്പരപ്പിലെ മൺവീടുകൾ

KaazhchaaPadham Nirakaazhchakal Travel Diaries

മണൽക്കാട്ടിലെ ആ മൺവീട്ടിൽ ഇന്നും ഞാനുണ്ട്…

2016 ലാണ് ആദ്യത്തെ രാജസ്ഥാൻ യാത്ര. അതും തികച്ചും യാദൃച്ഛികമായി…

ഈ യാത്ര മാർബിൾ കൊട്ടാരങ്ങൾ നിറഞ്ഞ രാജസ്ഥാൻ നഗരങ്ങൾ കാണാനല്ല, മറിച്ച് ജയ് സൽമാറിൽ നിന്ന് ഏറേ ദൂരം പിന്നിട്ട് എത്തുന്ന മണൽകാടുകൾ കാണാനുള്ള യാത്രയിലാണ് ഞാനും സുഹൃത്തുക്കളായ പ്രവീൺ പി മോഹൻദാസും, റോബിനും. ഉത്തരാഖണ്ഡിലെ കോർബെറ്റിൽ അഞ്ചുദിവസം ചിലവഴിച്ച ശേഷം ഡെസേർട് നാഷണൽ പാർക്കിലേക്ക് തിരിച്ചു. രണ്ടരദിവസം അവിടെ മരുഭൂമിയിലെ കൊച്ചു കുടിലുകളിൽ താമസം. പകൽ മുഴുവൻ ഗൈഡ് മൂസയുടെ ജീപ്പിൽ മരുഭൂമിയിലെ ജീവജാലങ്ങളെ തേടിയുള്ള യാത്ര.

ജയ്‌സാൽമർ, ബാർമെർ എന്നീ നഗരങ്ങൾക്കിടയിൽ ഏതാണ്ട് 3200 ചതുരശ്ര കിലോ മീറ്റർ വ്യാപ്തിയിൽ വ്യാപിച്ചു കിടക്കുന്ന മണൽ പ്രദേശമാണ് ഡെസേർട് നാഷണൽ പാർക്ക്.

Seema Suresh at Desert National Park - Rajasthan

കാറ്റിൽ രൂപമാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന മണൽകൂനകൾ. തണുത്ത പ്രഭാതത്തിൽ മരുഭൂമിയിലൂടെ സാരഥി മൂസയുടേ കൂടെ യാത്ര തിരിക്കുമ്പോൾ ഇത്രയും ജൈവ വൈവിധ്യങ്ങൾ ഉള്ള ഇടമാണ് ഇവിടം എന്ന് തിരിച്ചറിയുകയായിരുന്നു. വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന രാജസ്ഥാന്റെ സംസ്ഥാന പക്ഷിയായ “ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്” നെ തേടിയുള്ള യാത്രയാണ് ഇത്. വിരലിൽ എണ്ണാവുന്ന ബസ്റ്റാർഡ്സ് മാത്രമേ അവശേഷിക്കുന്നുള്ളൂ ഈ യാത്രയ്ക്ക് ആക്കം കൂട്ടി. യാത്രകൾ പലപ്പോളും അലക്ഷ്യമായി തുടങ്ങുകയും പിന്നീട് ലക്ഷ്യങ്ങൾ വന്നുചേരുകയും ചെയ്യുന്ന ഒന്നാണെന്നാണല്ലോ. ഈ യാത്രയ്ക്കിടയിൽ ഡെസേർട് ഫോക്സ്, ചിങ്കാര, തുടങ്ങിയ മൃഗങ്ങളെ കണ്ടു.

ഒരു പാട് പക്ഷി വൈവിധ്യമുള്ള ഇടം കൂടിയാണ് ഡെസേർട് നാഷണൽ പാർക്ക്. പരുന്തുകളുടേയും കഴുകന്മാരുടെയും പ്രാപ്പിടിയന്മാരുടെയും ഇടം. പക്ഷി ജീവിതങ്ങൾ പകർത്തി കടന്നു പോകുമ്പോളാണ് മരുകാടുകളിൽ കഴിയുന്ന മനുഷ്യജീവിതങ്ങളെ അടുത്തറിയുന്നതു. യാത്രകൾ എന്നാൽ കണ്ടുമുട്ടലുകൾ കൂടിയാണ്; വിശാലമായ ഈ ലോകത്തിൽ നാം കണ്ടുമുട്ടുന്ന ആളുകളും അവരിൽ നിന്നും നമ്മൾ നേടുന്ന ഉൾക്കാഴ്ചകളും പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവങ്ങളാണ്. ഈ മരുഭൂമിയാത്രയിലും അത്തരത്തിൽ ചില ജീവിതങ്ങൾ കാണാനിടവന്നു. അതിലൂടെ ഒന്ന് മനസ്സോടിക്കാം, കൂടെ നടക്കാം.

മരുഭൂമിയിലെ കാലാവസ്ഥയെക്കുറിച്ച് മുൻപ് വായിച്ചറിഞ്ഞിട്ടുണ്ടങ്കിലും അനുഭാവിച്ചറിയുന്നതിന്റെ സുഖത്തിലാണ് അന്ന് കണ്ണുതുറന്നത്. പകൽ വെയിലത്ത് പൊള്ളുന്ന ചൂടെങ്കിൽ രാത്രിയിൽ എല്ലു മരവിപ്പിക്കുന്ന തണുപ്പാണ് മണലിന്. മരുഭൂമിയിലെ കാറ്റിനു പോലും പ്രഭാതത്തിൽ തണുപ്പ് കൂടുതലാണ്. അങ്ങിനെ ഞങ്ങൾ മൂന്നുപേരും മൂസയുടെ വണ്ടിയിൽ കയറി. അത്യാവശ്യവും അതിലേറെയും ക്ഷമവേണം ഒരു നല്ല ചിത്രം പകർത്താൻ. വണ്ടിയിൽ ഇരുന്നാണ് ഫോട്ടോ എടുപ്പ്. ഒരുപക്ഷെ പുറത്തിറങ്ങിയാൽ പക്ഷികൾ പറന്നു പോകാൻ ഇടയുണ്ട്. ഉൾക്കടലിലേയ്ക്കുള്ള യാത്രപോലെയാണ് മണൽപ്പരപ്പിലൂടെയുള്ള യാത്രകൾ, പ്രത്യേക ഇടവഴികളില്ലാത്ത ഈ യാത്ര മുന്നോട്ട് ഏറെ ദൂരം നീങ്ങി.

സാധാരണ ഇത്തരം യാത്രപോകുമ്പോൾ വിശപ്പ് ശമിപ്പിക്കാനുള്ള എന്തെങ്കിലും കയ്യിൽ കരുതാറുണ്ട് എന്നാൽ തീർത്തും വിജനമായ നീണ്ട യാത്രയായതുകൊണ്ട് ഒന്നും കരുതിയിരുന്നില്ല. മനസ്സ് നിറച്ചും ലെൻസിൽ പതിപ്പിക്കേണ്ട കാഴ്ചകൾ മാത്രമായിരുന്നു, അതുകൊണ്ട് ആ സമയം വിശപ്പ് ചിന്തകളിലേക്ക് വന്നില്ല. ഏകദേശം പതിനൊന്നു മണിയായപ്പോൾ വിശപ്പെന്ന സത്യം തലപൊക്കി. അസഹ്യമായ വിശപ്പും ദാഹവും. യാത്ര തുടർന്നുകൊണ്ടിരുന്നു. കുറച്ചകലെയായി കുറ്റിച്ചെടികൾ നിറഞ്ഞ ഒരു പ്രദേശം ദൂരെ കാണാനായി, ചിന്തയിൽ ആദ്യം മരുപ്പച്ചയാണെന്ന് കരുതിയെങ്കിലും അടുത്ത് വരും തോറും പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് വിളിച്ചോതുന്ന രീതിയിൽ അങ്ങിങ്ങായി ചെറിയ മൺവീടുകൾ പ്രത്യക്ഷപ്പെട്ടു.

വാഹനം പതിയെ ആ മൺ കൂരകൾക്ക് അരികിലേയ്ക്ക് നീങ്ങി. വീടുകൾക്ക് അടുത്തായി വേലികൊണ്ട് വളച്ചുകെട്ടിയ വിശാലമായ തൊഴുത്തുകൾ കാണാം. അവയിൽ പഞ്ഞികെട്ടുപോലെ തോന്നിക്കുക്കുന്ന ചെമ്മരിയാട്ടിൻകൂട്ടങ്ങളും, കാഴ്ചയിൽ തന്നെ ഒരു മരുഭൂമിപ്രദേശത്തെ, മനുഷ്യൻ എങ്ങിനെ ജീവിക്കാനുള്ള ഇടമാക്കി മാറ്റിയിരിക്കുന്നു എന്ന് മനസ്സിലാക്കി തരുന്ന കാഴ്ചകൾ. പലപ്പോഴും ഇത്തരം കാഴ്ചകൾ ലെൻസിൽ പതിയുന്നതിലും വ്യക്തതയിൽ മനസ്സിൽ പതിയുന്നതായി തോന്നിയിട്ടുണ്ട്; നിങ്ങളും മനസ്സറിഞ്ഞു യാത്ര ചെയ്യുമ്പോൾ മാത്രം മനസ്സിലാകുന്ന ഒരു മാസ്മര അനുഭവമാണ് ഇത്തരം മനസ്സിൽ പതിയുന്ന കാഴ്ചകൾ.

Herd of goats - Desert National Park, Rajasthan

മൂസ വണ്ടി നിർത്തി പറഞ്ഞു, “പരിചയമുള്ള വീട്ടുകാരാണ്, നിങ്ങൾ ചായകുടിക്കുമെങ്കിൽ ഞാൻ ഇവരോട് ആവശ്യപ്പെടാം” കൃത്യ സമയത്തുള്ള കൃത്യമായ ചോദ്യമായി ഞങ്ങൾ “അതിനെന്താ, ആയിക്കോട്ടെ” എന്ന് മൂസയെ നോക്കി പറയാതെ പറഞ്ഞു. ഏറേ നേരമായി മനസ്സ് ഒരു ചായ കിട്ടിയിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു; കാഴ്ചകൾ അനുഭവങ്ങളാണ്ടെങ്കിൽ വിശപ്പ് സത്യമാണ്. ഞങ്ങൾ വാഹനത്തിൽ നിന്നിറങ്ങി ആ വീടിൻറെ മുറ്റത്തേക്ക് നടന്നു.

Mud Huts - Desert National Park, Rajasthan

അവിടെ ഒരു കയർകെട്ട് കട്ടിലിൽ കൊമ്പൻ മീശയും തലയിൽ തുണികൊണ്ടുള്ള തലപ്പാവും ധരിച്ച് ഗൗരവം ഒട്ടു ചോരാതെ ഒരു കാരണവർ ഞങ്ങളെ നോക്കിക്കൊണ്ടിരുന്നു. മുറ്റത്ത് വർണ്ണപ്പാവാടകൾ ധരിച്ച് കുറച്ച് കുട്ടികൾ ഇരിപ്പുണ്ട്. സാരിയുടെ തലപ്പുകൊണ്ട് തല മറച്ച സ്ത്രീകളും അങ്ങിങ്ങായി നിൽക്കുന്നു. അവരുടെ അടുത്തായി ആട്ടിൻകൂട്ടങ്ങളും, ഒട്ടകവും, കോഴികളും എല്ലാവരും ഞങ്ങളെ അത്ഭുതമായി നോക്കി നിൽക്കുന്നു. മൂസ അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ എന്തൊക്കെയോ അവരോട് സംസാരിക്കുകയും തുടർന്ന് അവർ അകത്തേക്ക് ഓടിച്ചെന്ന് തുരുമ്പിച്ച ഒരു ഇരുമ്പു കട്ടിലെടുത്ത് ഞങ്ങളോട് അതിലിരിക്കാൻ ആംഗ്യം കാണിക്കുകയും ചെയ്തു. സ്ത്രീകൾ സാരിത്തുമ്പിലൂടെ മുഖം മറച്ച് അവരുടെ ഞങ്ങളെ കണ്ടതിലുള്ള സന്തോഷവും അത്ഭുതവും മറച്ചുപിടിച്ചതും ഓർക്കുന്നു. ഞങ്ങളുടെ കയ്യിലുള്ള ക്യാമറയിലായിരുന്നു അവിടെയുണ്ടായിരുന്ന കുട്ടിപ്പട്ടാളങ്ങളുടെ ശ്രദ്ധ.

ഇതിനിടയിൽ പണ്ടെല്ലാം നമ്മുടെ നാട്ടിൻപുറങ്ങളിൽ വീടുകളിൽ പ്രതീക്ഷിക്കാതെ അതിഥികൾ വരുമ്പോൾ അയല്പക്കങ്ങളിലേയ്ക്ക് പാലിനും പഞ്ചസാരയ്ക്കുമായി വീട്ടുകാരി ഓടിപ്പായുന്നതുപോലെ ആ മൺ വീട്ടിലെ സ്ത്രീയും പാത്രമെടുത്ത് പുറത്തേക്ക് ഓടുന്നത് ശ്രദ്ധിച്ചു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ ചലനങ്ങൾക്കുള്ള പ്രാധാന്യം നിരീക്ഷിക്കാറുള്ളത് കൊണ്ടായിരിക്കാം അവരുടെ പിന്നാലെ കണ്ണുകൾ പായിച്ചതും. അവർ പാത്രവുമായി നേരേ പോയത് ചായക്കുള്ള പാൽ എടുക്കാനായി കുറച്ചകലെയായി കാണുന്ന ആട്ടിൻപറ്റങ്ങളുടെ അടുത്തേക്കായിരുന്നു. ഇടയ്ക്ക് ഒന്ന് രണ്ടുപേർ മൺ വീട്ടിൽ നിന്നും ഇറങ്ങി വന്നു. മുഖത്ത് പാതി പുഞ്ചിരിയുമായി എലാവരും ഗൃഹനാഥന്റെ കട്ടിലിനു ചുറ്റും സ്ഥാനംപിടിച്ചു.

മേൽവേഷ്ടികൊണ്ട് പാതി മുഖം മറച്ച ഗൃഹനാഥ ഞങ്ങളുടെ അടുത്ത വന്നു മുൻപരിചയമുള്ള വിധം പുഞ്ചിരിച്ചു. അറിയാവുന്ന ഹിന്ദിയിലും പിന്നെ ഭാഷകൾക്ക് അതീതമായ സ്നേഹം കൊണ്ടും അവരോട് ഞാൻ സംസാരിച്ചു. ആ വെയിലത്ത് അവരുടെ പാതി മറഞ്ഞ മുഖത്തെ പച്ചക്കല്ല് പതിച്ച മൂക്കുത്തി ജ്വലിച്ചു. ആ നിഷ്കളങ്കമായ അമ്മയുടെ മുഖം കൂടുതൽ പ്രകാശിപ്പിക്കുന്നതായിരുന്നു ആ മൂക്കുത്തിയുടെ ശോഭ. “ബഹുത് സുന്ദർ ഹെ…” അവരുടെ ആ മൂക്കുത്തി ചൂണ്ടിക്കാണിച്ചു ഞാൻ പറഞ്ഞു. ആ പ്രായത്തിലും സ്നേഹം തുളുമ്പുന്ന വാക്കുകൾ കേൾക്കുമ്പോൾ അവരിലുണ്ടാകുന്ന നാണവും, തെളിമയാർന്ന പുഞ്ചിരിയും, ഹ! ഇന്നും മനസ്സിന്റെ ലെൻസ് ഒപ്പിയെടുത്ത വിലമതിക്കാനാകാത്ത ചിത്രം, അല്ലങ്കിൽ കാഴ്ച്ച.

അവിടെയുള്ള മറ്റു സ്ത്രീകളിലും മൂക്കുത്തിയുടെ ഈ ശോഭ നിറഞ്ഞു നിന്നിരുന്നു. അവരുടെ ആതിഥേയത്തിൽ മതിമറന്ന ആ നിമിഷങ്ങളിൽ മനസ്സിൽ പതിഞ്ഞ ആ കാഴ്ചകൾ ലെൻസിൽ പകർത്താൻ അവരോട് ഞാൻ അനുവാദം ചോദിച്ചു. പക്ഷെ അത് അവർ നിഷേധിച്ചു, എന്നിട്ട് വിനപുരസ്സരം ദൂരെ നിന്നും എടുത്തുകൊള്ളൂ കുഴപ്പമില്ല എന്നും കൂട്ടിച്ചേർത്തു. പിന്നീട് ആലോചിക്കുമ്പോൾ മനസ്സിലാകുന്നു അവരും നമ്മളെ പോലെ വിചാര വികാരമുള്ള മനുഷ്യർ തന്നെയാണല്ലോ, നമ്മളിലെ കൗതുകവും, കാഴ്‌ചകളും ചിലത് നമുക്ക് മാത്രം സ്വന്തമാക്കാനുള്ളതാണ്. ചില കാഴ്ചകൾക്ക് യാത്രകൾ കൂടിയേ തീരു അല്ലങ്കിൽ പിന്നെ ലോകം മുഴുവൻ കണ്ടു എന്ന തോന്നലിൽ മനുഷ്യൻ നിർവികാരതയിലേക്ക് എന്നേ ചേക്കേറുമായിരുന്നു.

Desert National Park, Rajasthan

ഇതിനിടയിൽ അകത്തുനിന്നും ശുദ്ധമായ ആട്ടിൻപാലിൽ മധുരവും തേയിലയും ഇട്ട് തിളപ്പിച്ച ചൂട് ചായ എത്തി. ഇന്നേ വരെ അനുഭവിക്കാത്ത ഒരു രുചിയോടെ ആ ചായ മെല്ലെ മെല്ലെ ഊതി കുടിക്കുമ്പോൾ ഞാൻ മൂസയോട് ചോദിച്ചു. “ഇവരെല്ലാവരും ഇവിടെ അടുത്തടുത്താണോ താമസിക്കുന്നത്?” മൂസ ചിരിച്ചുകൊണ്ട് പറഞ്ഞു “ഈ കാണുന്ന മൺ വീട്ടിൽ തന്നെയാണ് ഇവരെല്ലാവരും താമസിക്കുന്നത്.” ചതുരശ്ര അടിയിൽ ഓരോ മുറികൾക്കും ഓരോരോ പേരുകളിട്ട് ശീലിച്ച നമുക്ക്, ഏകദേശം പതിനാലോളം പേർ ഒരു ചെറിയ മൺ കൂരയിൽ അവരുടെ സന്തോഷവും, സങ്കടവും എല്ലാം ആസ്വദിച്ച് മടുപ്പോ നിർവ്വികാരതയോ ഇല്ലാതെ സ്വസ്ഥമായി ജീവിക്കുന്ന കാഴ്ച്ച മനസിലാക്കാൻ അല്പം പ്രയാസം തോന്നും. അത്ഭുതവും സന്തോഷവും തോന്നിപ്പോയ നിമിഷമായിരുന്നു അത്.

വലിയൊരു മണൽപ്പരപ്പിൽ ചെറിയൊരു മൺവീട്. ഒരുപാട് ദൂരം നടന്നുകൊണ്ടാണ് പലരും ഇത്തരം വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. കുടത്തിന് മേൽ കുടംവച്ച് സ്ത്രീകൾ തലയിൽ അടികൊണ്ട് വരുന്ന കാഴ്ചപോലും ജീവിത വെല്ലുവിളികളെ അവർ ധീരമായി നേരിടുന്നതിന്റെ അടയാളമായി നമുക്ക് മനസ്സിലാക്കാം. എങ്കിലും ഈ പരിമിതികളിൽ പോലും അവർ സന്തുഷ്ടരാണ്. ദുഃഖത്തിലും വേഗത കൂടിയ പട്ടണ ജീവിതത്തിന്റെ ഒരു ആലസ്യവും അവരിൽ നമുക്ക് കാണാൻ കഴിയില്ല. അവരുടെ ആ സ്നേഹവും സന്തോഷവും ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നും വരുന്നതാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. നമ്മുടെ സന്തോഷങ്ങൾ നമുക്ക് ചുറ്റുംതന്നെയുണ്ട്, മുൻവിധികളില്ലാതെ നാം ചുറ്റും നോക്കണമെന്ന് മാത്രം.

Desert National Park, Rajasthan

അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങാൻ നേരം ആ ‘അമ്മ എന്നെ ഒന്നുകൂടി നോക്കി പുഞ്ചിരിച്ചു. എന്നിട്ട് എന്റെ മൂക്ക് തൊട്ട് കാണിച്ച് പറഞ്ഞു “ഇതുപോലെ ഒരു മൂക്കുത്തി അണിയൂ എന്ന്”, ഞാൻ തലയാട്ടി സമ്മതിച്ചു. ഞങ്ങൾ ഇറങ്ങി വണ്ടിയിൽ കയറി, അവിടെ നിന്നും വണ്ടി അകന്നുപോകുമ്പോൾ എന്റെ കണ്ണിലും സന്തോഷത്തിൻറെ മുത്തുമണികൾ പൊടിഞ്ഞു.

ഒരുപക്ഷെ ഇനി ഒരിക്കലും ഇവരെയൊന്നും കാണാൻ കഴിയില്ലായിരിക്കാം, പക്ഷെ കാഴ്ചകൾ എന്നും നമുക്ക് മനസ്സിൽ സൂക്ഷിക്കാമല്ലോ. ഏതു സമയം പൊടി തട്ടിയെടുത്താലും ഇപ്പോൾ ഈ ഓർത്തെടുക്കൽ പോലെ അന്നും അതെ തെളിച്ചത്തിൽ തന്നെ നിലനിൽക്കും ഉറപ്പ്, കാരണം അനുഭവങ്ങൾ മനസ്സിൽ പതിപ്പിക്കുന്ന ചിത്രങ്ങൾ അത്രമേൽ തെളിച്ചമുള്ളതായിരിക്കും. അവരുടെ ആ ജീവിതവും, ആ ചായയുടെ മാധുര്യവും പിന്നെ എന്നെ വല്ലാതെയാകർഷിച്ച ആ പച്ചക്കൽ മൂക്കുത്തിയുടെ ശോഭയും.

Seema Suresh infront of a mud hut in Desert National Park, Rajasthan

വീണ്ടും ഒരു ദിവസം കൂടി ആ മണലാരണ്യത്തിലൂടെ പലതവണ സഞ്ചരിച്ച് ചിത്രങ്ങൾ പകർത്തി. ഒടുവിൽ രാജസ്ഥാൻ യാത്ര കഴിഞ്ഞു മടങ്ങുമ്പോൾ ആ മൺ വീടും അത് നല്‌കിയ വിലമതിക്കാനാകാത്ത സന്തോഷവും ഞാൻ എന്റെ ക്യാമറയോടൊപ്പം നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു…

Seema Suresh

സീമ സുരേഷ് - ഒരു ഫ്രീലാൻസ് ജേർണലിസ്റ് എന്നതിനോടൊപ്പം ഇന്ത്യയിലെ ചുരുക്കം വനിതാ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരിൽ ഒരാൾ. പ്രകൃതി സംരക്ഷണവും, വന്യജീവി ഫോട്ടോഗ്രാഫിയും സംബന്ധിച്ച നിരവധി ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കുകയും, കാടിന്റെ സ്പന്ദനങ്ങൾ തന്റെതായ സവിശേഷ രീതിയിൽ ഒപ്പിയെടുത്ത് നിരവധി മാസികകളിലൂടെയും പുസ്തകങ്ങളിലൂടെയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സീമ സുരേഷ് 'കാഴ്ച്ചാപഥം' എന്ന ആഴ്ച്ചതോറുമുള്ള പംക്തിയിലൂടെ തന്റെ ഏറ്റവും മികച്ച വൈൽഡ് ലൈഫ് കാഴ്ച്ചകൾ പ്രവാസിഡെയിലി വായനക്കാർക്കായി പങ്കുവെക്കുന്നു.

1 thought on “മണൽപ്പരപ്പിലെ മൺവീടുകൾ

Leave a Reply

Your email address will not be published. Required fields are marked *