ബഹ്‌റൈനിലെ സ്വകാര്യമേഖലയിലെ തൊഴിൽദാതാക്കളെയും, തൊഴിലന്വേഷകരെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. ബഹ്‌റൈനിലെ വിവിധ തൊഴിൽ മേഖലകളിലെ സ്ഥാപനങ്ങൾക്ക്, തൊഴിലന്വേഷകരുടെ ലഭ്യത, വൈദഗ്ദ്ധ്യം, കഴിവുകൾ, യോഗ്യതകൾ മുതലായവ അറിയുന്നതിനും, തങ്ങൾക്ക് ആവശ്യമായ ജീവനക്കാരെ കണ്ടെത്തുന്നതിനും സഹായകമാകുന്ന ഒരു സംവിധാനം എന്ന നിലയിലാണ് ഈ പോർട്ടൽ തയ്യാറാക്കിയിരിക്കുന്നതെന്ന് LMRA CEO, ഉസാമ അബ്ദുല്ല അൽ അബ്‌സി അറിയിച്ചു.
ബഹ്‌റൈനിൽ ഡിജിറ്റൽ പരിവര്‍ത്തന രംഗത്ത് അനുഭവപ്പെടുന്ന വലിയ വികസനവും, പുരോഗതിയും കണക്കിലെടുത്ത് ഭാവിയിലെ വിനിമയങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തൊഴിലന്വേഷകർക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈനിലെ പൗരന്മാർക്കും, നിവാസികൾക്കും ഈ പോർട്ടലിന്റെ സേവനം ഉപയോഗിക്കാമെന്ന് അൽ അബ്‌സി വ്യക്തമാക്കി.
https://www.talentportal.bh/ എന്ന വിലാസത്തിൽ LMRA-യുടെ ഓൺലൈൻ പോർട്ടൽ ലഭ്യമാണ്. തൊഴിലന്വേഷകർക്ക് ഈ പോർട്ടലിൽ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന സമഗ്രമായ ഒരു മാനവ വിഭവ വിവര ശേഖരം ഒരുക്കുകയാണ് ഈ ഓൺലൈൻ പോർട്ടലിന്റെ ലക്ഷ്യമെന്ന് അൽ അബ്‌സി അറിയിച്ചു. തൊഴിൽധാതാക്കൾക്ക് തങ്ങളുടെ വിവിധ ആവശ്യങ്ങൾക്കനുസരിച്ചുള്ള ജീവനക്കാരെ ഇതിലൂടെ എളുപ്പത്തിൽ കണ്ടെത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.