ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകമേള ഒരുക്കിയിട്ടുള്ള ലോഗോസ് ഹോപ്പ് എന്ന കപ്പൽ ഒമാനിലെത്തി. 2023 ജൂലൈ 14-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ കപ്പൽ നിലവിൽ മത്രയിലെ സുൽത്താൻ ഖാബൂസ് പോർട്ടിൽ നിർത്തിയിട്ടിരിക്കുകയാണ്. ലോഗോസ് ഹോപ്പ് കപ്പലിൽ ഒരുക്കിയിട്ടുള്ള ഈ പുസ്തകമേളയിലേക്ക് 2023 ജൂലൈ 22 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
സ്പോർട്സ്, സയൻസ്, ആർട്സ് തുടങ്ങി വിവിധ വിഷയങ്ങളിലുള്ള അയ്യായിരത്തിലധികം പുസ്തകങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ ലോഗോസ് ഹോപ്പ് കപ്പലിലെ പുസ്തകമേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ ഒഴുകുന്ന പുസ്തകമേളയുടെ ഭാഗമായി അരങ്ങേറുന്ന നിരവധി സാംസ്കാരിക പരിപാടികൾ, സംവാദങ്ങൾ, വർക്ക്ഷോപ്പുകൾ മുതലായവയിൽ സന്ദർശകർക്ക് പങ്കെടുക്കാവുന്നതാണ്.
2009-ലാണ് ലോഗോസ് ഹോപ്പ് കപ്പലിലെ ഈ പുസ്തകമേള ആദ്യമായി ആരംഭിച്ചത്. ഇതിനിടെ ഈ കപ്പൽ ലോകത്തെ 150-ൽ പരം രാജ്യങ്ങൾ സന്ദർശിക്കുകയും, 49 ദശലക്ഷത്തോളം സന്ദർശകരെ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്.
32-മത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിനോട് അനുബന്ധിച്ച് ഈ കപ്പൽ 2023 മെയ് മാസത്തിൽ യു എ ഇയിലെത്തിയിരുന്നു.
Cover Image: Oman News Agency.