ഒമാൻ: ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ രാജ്യത്ത് മികച്ച നിക്ഷേപങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ

Oman

പ്രവാസി നിക്ഷേപകർക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കുന്നതിനുള്ള തീരുമാനം രാജ്യത്ത് മികച്ച നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിലേക്ക് വഴിതെളിക്കുമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി. ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷനു കീഴിലുള്ള ഇൻവെസ്റ്റ്മെന്റ് സർവീസസ് സെന്റർ സി ഇ ഓ ഇബ്രാഹിം അൽ മാമരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി നടപ്പിലാക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരം വിസകളുടെ പ്രയോജനങ്ങൾ, ഇവ എങ്ങിനെ നേടാം മുതലായ വിവരങ്ങൾ മന്ത്രാലയം വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021 സെപ്റ്റംബർ മുതൽ പ്രവാസി നിക്ഷേപകർക്ക് രാജ്യത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഒരാഴ്ച്ച മുൻപ് അറിയിച്ചിരുന്നു. രാജ്യത്തെ വിവിധ വാണിജ്യ, വ്യാവസായിക പ്രവർത്തനങ്ങളിൽ നിക്ഷേപം നടത്തുന്ന വിദേശ നിക്ഷേപകർക്ക് അഞ്ച് വർഷത്തെയും, പത്ത് വർഷത്തെയും കാലാവധിയുള്ള വിസകൾ അനുവദിക്കുന്നതിനാണ് ഒമാൻ തീരുമാനിച്ചിട്ടുള്ളത്.

രാജ്യത്ത് നിക്ഷേപം നടത്തുന്ന പ്രവാസികൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള വിസകൾ അനുവദിക്കുന്ന പദ്ധതിക്ക് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് 2021 മാർച്ചിൽ അംഗീകാരം നൽകിയിരുന്നു. നിബന്ധനകൾ പാലിച്ച് കൊണ്ട് ഇത്തരം ദീർഘകാലാടിസ്ഥാനത്തിലുള്ള വിസകളുടെ കാലാവധി പുതുക്കുന്നതിനുള്ള സൗകര്യവും ഇതോടൊപ്പം മന്ത്രാലയം അറിയിച്ചിരുന്നു.